വേനൽക്കാലത്ത് മാംഗോ ഷേക്കിന് പകരം ഇന്ത്യക്കാർ മാംഗോ ബിയറുകളിലേക്ക് മാറുന്നു. ബംഗളൂരു, പുനെ തുടങ്ങിയ നഗരങ്ങളിലെ മൈക്രോ ബ്രൂവറികൾ അൽഫോൻസോ, പച്ചമാങ്ങ എന്നിവ ഉപയോഗിച്ച് ക്രാഫ്റ്റ് ബിയറുകൾ നിർമ്മിക്കുന്നതാണ് ഈ പുതിയ ട്രെൻഡിന് പിന്നിൽ. യുവാക്കൾക്കിടയിൽ ഈ സീസണൽ ബിയറുകൾക്ക് ആവശ്യക്കാരേറുകയാണ്.
വേനല്‍ക്കാലത്ത് മാംഗോ ഷേക്കും ജ്യൂസും കുടിക്കുന്ന ശീലം ഇന്ത്യക്കാര്‍ മാറ്റുകയാണോ? അതെ എന്നാണ് രാജ്യത്തെ മൈക്രോ ബ്രൂവറികള്‍ നല്‍കുന്ന സൂചന. മാമ്പഴക്കാലത്ത് ഇന്ത്യയിലെ ബിയര്‍ പ്രേമികളുടെ ഇടയില്‍ തരംഗമായിരിക്കുന്നത് മാംഗോ ബിയറുകളാണ്. അല്‍ഫോന്‍സോ മാമ്പഴം ഉപയോഗിച്ചുള്ളവ മുതല്‍ പച്ചമാങ്ങ ചേര്‍ത്തുള്ള പുളിപ്പുള്ള ബിയറുകള്‍ വരെ, വേനല്‍ക്കാല ഡ്രിങ്കുകളുടെ ശൈലി തന്നെ മാറ്റിയെഴുതുകയാണ് രാജ്യത്തെ ക്രാഫ്റ്റ് ബിയര്‍ വിപണി.
ബംഗളൂരു, പുണെ, ഹൈദരാബാദ്, ഗോവ, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിലെല്ലാം ഈ മാറ്റം പ്രകടമാണ്. പതിവ് ബിയറുകള്‍ക്ക് പകരം, പുതിയ ട്രോപ്പിക്കല്‍ രുചികളിലുള്ള മാംഗോ ക്രാഫ്റ്റ് ബിയറുകള്‍ പരീക്ഷിക്കാനാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താത്പര്യം. പാശ്ചാത്യ രാജ്യങ്ങളിലെ 'പംപ്കിന്‍ സ്‌പൈസ്' സീസണ്‍ പോലെ ഇന്ത്യയിലെ മാംഗോ ബിയര്‍ സീസണ്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഒരു വലിയ വിപണിയായി മാറിക്കഴിഞ്ഞു.
കുതിച്ചുയരുന്ന ബിയര്‍ വിപണി
2034 ഓടെ ഇന്ത്യയിലെ ബിയര്‍ വിപണി 80,000 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ തന്നെ സാധാരണ ബിയറുകളേക്കാള്‍ വേഗത്തില്‍ വളരുന്നത് ക്രാഫ്റ്റ് ബിയറുകളാണ്. വേനല്‍ക്കാലത്ത് സ്ഥിരമായി കണ്ടുവരുന്ന പാനീയങ്ങള്‍ക്ക് പകരം ലിമിറ്റഡ് എഡിഷന്‍ ക്രാഫ്റ്റ് ബിയറുകള്‍ മെനുവില്‍ ഇടംപിടിച്ചു കഴിഞ്ഞു.അല്‍ഫോന്‍സോ മാമ്പഴം ഉപയോഗിച്ചുള്ള വീറ്റ് ബിയറുകള്‍, പച്ചമാങ്ങ ഉപയോഗിച്ചുള്ള പുളിപ്പുള്ള ബിയറുകള്‍, മുളകും മാമ്പഴവും ചേര്‍ത്ത് എരിവും മധുരവും പുളിയും സമന്വയിപ്പിച്ച ബിയറുകള്‍ തുടങ്ങി നിരവധി പരീക്ഷണങ്ങളാണ് ബ്രൂവറികള്‍ നടത്തുന്നത്. ചെറിയ തോതില്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഇത്തരം ലിമിറ്റഡ് എഡിഷന്‍ ബിയറുകള്‍, ക്രാഫ്റ്റ് ബിയര്‍ രംഗത്തെ ഏറ്റവും വലിയ ക്രിയേറ്റീവ് ഉല്‍പ്പന്നങ്ങളായി മാറിയിരിക്കുന്നു.
യുവാക്കളുടെ ഇടയിലെ പുതിയ തരംഗം
ഇന്ത്യയില്‍ മാമ്പഴം 'പഴങ്ങളുടെ രാജാവ്' എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മാമ്പഴം എപ്പോഴും സന്തോഷത്തിന്റെയും ഗൃഹാതുരതയുടെയും പ്രതീകമാണെന്നും, ഇത് ക്രാഫ്റ്റ് ബിയറുമായി ചേരുമ്പോള്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്കും പെട്ടെന്ന് കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും ലതാംബാര്‍സെം ബ്രൂവേഴ്‌സ് പറയുന്നു. ലാഗറുകള്‍ക്കും സ്‌ട്രോങ്ങ് ബിയറുകള്‍ക്കും അപ്പുറം വീറ്റ് ബിയറുകള്‍, സിഡറുകള്‍, ഫ്രൂട്ട് എയ്ലുകള്‍തുടങ്ങിയവ പരീക്ഷിക്കാന്‍ ഇന്നത്തെ ഉപഭോക്താക്കള്‍ തയ്യാറാണ്. ചുരുക്കത്തില്‍, ഇന്ത്യയിലെ ക്രാഫ്റ്റ് ബിയര്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ വരുന്നതിനൊപ്പം പ്രാദേശിക രുചികളില്‍ തയ്യാറാക്കുന്ന ഇത്തരം സീസണല്‍ ബിയറുകള്‍ വരുംകാലങ്ങളിലും വിപണിയിലെ പ്രധാന ആകര്‍ഷണമായി തുടരുമെന്ന് ഉറപ്പാണ്.
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം


