ലണ്ടന്‍: 15 വര്‍ഷത്തോളമായി 46 ദശലക്ഷം ബ്രിട്ടീഷ് കാര്‍ഡ് ഉടമകളില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കി എന്ന കേസില്‍ മാസ്റ്റര്‍ കാര്‍ഡ് കമ്പനിക്കെതിരായ കേസില്‍ നടപടി. 18.5 ബില്ല്യണ്‍ നഷ്ടപരിഹാരം ഇടാക്കാനുള്ള ക്ലാസ് നടപടിക്ക് ബ്രിട്ടീഷ് സുപ്രീംകോടതി തിങ്കളാഴ്ച അനുമതി നല്‍കി. നടപടിക്കെതിരെ മാസ്റ്റര്‍കാര്‍ഡ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി നിരാകരിച്ചു.

1992 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ബ്രിട്ടനിലെ ഉപയോക്താക്കളില്‍ നിന്നും മാസ്റ്റര്‍കാര്‍ഡ് അമിത ചാര്‍ജ് ഈടാക്കിയെന്നാണ് കേസിന് ആടിസ്ഥാനമായ ആരോപണം. ഇതില്‍ ഉപയോക്താക്കളുടെ പരാതികള്‍ ഏകോപിച്ചാണ് കേസ് നടത്തിയത്. വാള്‍ട്ടര്‍ മെറിക്ക് എന്ന മുന്‍ ഫിനാഷ്യല്‍ ഓംബുഡ്സ്മാന്‍ ആണ് ഈ പിഴ ആദ്യം ചുമത്തിയത്. ഇത് പിന്നീട് വിവിധ കോടതികള്‍ കയറി ഇറങ്ങിയാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയത്.

മെയ് 22 1992 മുതല്‍ ജൂണ്‍ 21 2008 വരെ ബ്രിട്ടനിലെ ഏതാണ്ട് 46 ദശലക്ഷം ഉപയോക്താക്കളില്‍ ഷോപ്പിംഗിനായി മാസ്റ്റര്‍കാര്‍ഡ് ഉപയോഗിച്ചപ്പോള്‍ ഹിഡന്‍ ചാര്‍ജായി കാര്‍ഡ് വഴി പണം സ്വീകരിച്ച കടക്കാരനില്‍ നിന്നും മാസ്റ്റര്‍കാര്‍ഡ് ചാര്‍ജ് ഈടാക്കിയെന്നാണ് പ്രധാന പരാതി. ഈ ചാര്‍ജ് പലപ്പോഴും സാധനങ്ങളുടെ വിലയില്‍ കൂട്ടിയിട്ടുള്ളതിനാല്‍ ഇത് ആത്യന്തികമായ കാര്‍ഡ് ഉടമകളെ ബാധിച്ചുവെന്നാണ് മുന്‍ ഫിനാഷ്യല്‍ ഓംബുഡ്സ്മാന്‍ വാള്‍ട്ടര്‍ മെറിക്ക് ഉന്നയിക്കുന്ന വാദം.

എന്നാല്‍ പുതിയ  വിധി സംബന്ധിച്ച് കോംപറ്റീഷന്‍ അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും. അടിസ്ഥാന കാര്യത്തില്‍ തന്നെ പിഴവുള്ള കേസാണ് ഇതെന്നും. ഭാവി കാര്യങ്ങള്‍ നിയമപരമായ വഴിയില്‍ തന്നെ നേരിടും എന്നാണ് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചത്. 2017 ല്‍ തന്നെ ഈ കേസ് വിചാരണയ്ക്ക് എടുക്കാന്‍ സാധിക്കുന്ന രീതിയില്‍ അല്ലെന്ന് പറഞ്ഞ് കോംപറ്റീഷന്‍ അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളിയതാണ് എന്നാണ് കമ്പനിയുടെ വാദം. 

അതേ സമയം വിധി നടപ്പായാല്‍ കേസില്‍ പറയുന്ന കാലത്ത് മാസ്റ്റര്‍കാര്‍ഡ് ഉപയോഗിച്ച ഒരോ ഉപയോക്താവിനും ശരാശരി 300 പൌണ്ട് അതായത് 29100 രൂപയോളം നഷ്ടപരിഹാരം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കേസിലെ വാദങ്ങളും തര്‍ക്കങ്ങളും നിയമ നടപടികളും നീണ്ടുപോകുന്നതിനാല്‍ ചിലപ്പോള്‍ അടുത്തകാലത്തൊന്നും ഈ വിധി നടപ്പാകില്ലെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.