അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി 200 രാജ്യാന്തര മത്സരങ്ങള്‍ എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്. ഏകദേശം 1.1 ബില്യണ്‍ ഡോളര്‍ ആണ് മെസിയുടെ ആസ്തി. ഫുട്‌ബോള്‍ പ്രതിഫലം, ഇന്റര്‍ മയാമിയിലെ കരാര്‍, അഡിഡാസ് പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍, സ്വന്തം ബിസിനസുകള്‍ എന്നിവയിലൂടെയാണ് ഈ സമ്പത്ത് അദ്ദേഹം നേടിയത്.
ഒരുപിടി റെക്കോർഡുകളോട് കൂടിയാണ് ഇന്ന് മെസി കളം വിട്ടത്. ആദ്യ ലോകകപ്പ് ഗോളിന്റെ ഇരുപതാം വാർഷികത്തിലായിരുന്നു മെസി ഇന്ന് തന്റെ പതിനാലാം ലോകകപ്പ് ഗോൾ നേടിയത്. 2006 ൽ ജർമനയിൽ നടന്ന ടൂർണമെന്റ് മെസിയുടെ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയ ആന്റ് മോണ്ടിനെഗ്രോയ്ക്കെതിരെയായിരുന്നു മെസിയുടെ ആദ്യ ലോകകപ്പ് ഗോൾ.
ഇരുപത് വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്കു വേണ്ടിയുള്ള തന്റെ ഇരുന്നൂറാം മത്സരത്തിൽ ഹാട്രിക് നേട്ടത്തോടെ മെസി തന്റെ ലോകകപ്പ് ഗോൾ നേട്ടം പതിനാറായി ഉയർത്തുകയും ചെയ്തു. ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ മെസിയുള്ളത്. അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും മെസി തന്നെയാണ്.
അള്‍ജീരിയക്കെതിരെ ഹാട്രിക് നേടിയതോടെ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്തിനായി 200 രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ മൂന്നാമത്തെ താരമായി മെസി മാറി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കുവൈത്തിന്റെ ബാദര്‍ അല്‍- മുതവ എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ ഈ ഇതിഹാസ താരത്തിന്റെ സ്ഥാനം. ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരമായ മെസി മൈതാനത്ത് മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലാണ്.
മെസിയുടെ ആസ്തി എത്ര?
ഫോബ്‌സ് മാഗസിന്റെ കണക്കുകള്‍ പ്രകാരം, ഏകദേശം 1.1 ബില്യണ്‍ ഡോളറാണ് (10,560 കോടി രൂപ) മെസിയുടെ ആസ്തി. നിലവില്‍ കായികരംഗത്ത് സജീവമായിട്ടുള്ളവരില്‍ 'ബില്യണയര്‍' ക്ലബ്ബിലുള്ള നാല് പേരില്‍ ഒരാളാണ് അദ്ദേഹം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെബ്രോണ്‍ ജെയിംസ്, ടൈഗര്‍ വുഡ്‌സ് എന്നിവരാണ് ഈ എക്‌സ്‌ക്ലൂസീവ് ക്ലബ്ബിലെ മറ്റുള്ളവര്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ ഫുട്‌ബോള്‍ പ്രതിഫലം, പരസ്യവരുമാനം, നിക്ഷേപങ്ങള്‍, മറ്റ് ബിസിനസുകള്‍ എന്നിവയിലൂടെയാണ് എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസി ഈ വമ്പന്‍ സ്വത്ത് സമ്പാദിച്ചത്.
ഫുട്‌ബോളില്‍ നിന്നും മറ്റുമായി തന്റെ കരിയറില്‍ മെസി ഇതുവരെ സമ്പാദിച്ചത് ഏകദേശം 1.8 ബില്യണ്‍ ഡോളറാണ്. ഇതില്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുമായുള്ള കരാറുകളിലൂടെ മാത്രം 1.2 ബില്യണ്‍ ഡോളറും (11,520 കോടി രൂപ), ബ്രാന്‍ഡ് അംബാസഡര്‍, മറ്റ് ബിസിനസുകള്‍ എന്നിവയിലൂടെ 600 മില്യണ്‍ ഡോളറും (5,760 കോടി രൂപ) അദ്ദേഹം നേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളില്‍ മുന്‍പന്തിയിലാണ് എപ്പോഴും മെസ്സിയുടെ സ്ഥാനം. 2019, 2022 വര്‍ഷങ്ങളില്‍ ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയത് മെസിയായിരുന്നു.
ഇന്റര്‍ മയാമിയിലെ പുതിയ കരാറും പ്രതിഫലവും
നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. 2026-ല്‍ ഒപ്പുവെച്ച പുതിയ കരാര്‍ പ്രകാരം 25 മില്യണ്‍ ഡോളറാണ് (240 കോടി രൂപ) താരത്തിന്റെ അടിസ്ഥാന ശമ്പളം. ക്യാപ് ഹിറ്റായി ഈ സീസണില്‍ 28.3 മില്യണ്‍ ഡോളറും (271.68 കോടി രൂപ) ലഭിക്കും. 2029 വരെയാണ് ഇന്റര്‍ മയാമിയുമായി മെസ്സിക്ക് കരാറുള്ളത്. പരസ്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഒരു വര്‍ഷം മെസ്സിക്ക് ഇന്റര്‍ മയാമിയില്‍ നിന്ന് മാത്രം 70 മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെ (672 കോടി രൂപ മുതല്‍ 768 കോടി രൂപ വരെ) ലഭിക്കുമെന്ന് ക്ലബ്ബ് ഉടമ ഹോര്‍ജെ മാസ് വ്യക്തമാക്കിയിരുന്നു.
പരസ്യങ്ങളും ബിസിനസ് സംരംഭങ്ങളും
ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളുടെയെല്ലാം പ്രധാന മുഖം മെസിയാണ്. താരത്തിന്റെ വരുമാനത്തിന്റെ ഒരു വലിയ ഭാഗം വരുന്നത് ഇത്തരം പരസ്യങ്ങളിലൂടെയാണ്.
പ്രധാന ബ്രാന്‍ഡുകള്‍: അഡിഡാസ്, ബഡ്വൈസര്‍, പെപ്‌സി, ഗറ്റോറേഡ്, ഹാര്‍ഡ് റോക്ക് കഫേ, കൊനാമി, ജേക്കബ് & കോ, ലെയ്‌സ്, ദുബായ് എക്‌സ്‌പോ. 2017-ല്‍ അഡിഡാസുമായി ഒപ്പുവെച്ച ലൈഫ് ടൈം കരാര്‍ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളിലൊന്നാണ്.
ബിസിനസ് നിക്ഷേപങ്ങള്‍: മിം ഹോട്ടല്‍സ് , ദ മെസ്സി സ്റ്റോര്‍, 525 റൊസാരിയോ മീഡിയ കമ്പനി, പ്ലേ ടൈം സ്‌പോര്‍ട്‌സ്- ടെക് എന്നീ സംരംഭങ്ങള്‍ മെസ്സിയുടേതാണ്. എല്‍ ക്ലബ് ഡെ ലാ മിലാനേസ എന്ന റെസ്റ്റോറന്റ് ശൃംഖലയില്‍ ഓഹരിയുള്ള താരം, 2024-ല്‍ ഒരു എനര്‍ജി ഡ്രിങ്കും വിപണിയില്‍ ഇറക്കിയിരുന്നു.
ആഡംബര വീടും മറ്റ് നിക്ഷേപങ്ങളും
ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ 10.5 മില്യണ്‍ ഡോളര്‍ (ഏകദേശം 100.8 കോടി രൂപ) വിലമതിക്കുന്ന അത്യാഡംബര വീട്ടിലാണ് മെസിയുടെ താമസം. ഇതിന് പുറമെ, ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം ഇന്റര്‍ മയാമി ക്ലബ്ബിന്റെ ഉടമസ്ഥാവകാശത്തില്‍ ഒരു ഭാഗം സ്വന്തമാക്കാനും മെസിക്ക് അവസരമുണ്ട്. 2023-ല്‍ മെസ്സി എത്തിയതിന് ശേഷം ഇന്റര്‍ മയാമിയുടെ മൂല്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.


