ചൈനയിൽ നിന്നും കാനഡയിൽ നിന്നും വ്യത്യസ്തമായി, മെക്സിക്കോ പ്രതികാര തീരുവ ചുമത്താൻ കുറച്ചുകൂടി കാലതാമസം എടുത്തിട്ടുണ്ട്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്സിക്കോയ്ക്ക് ചുമത്തിയ അധിക താരിഫുകൾക്ക് പകരമായി തിരികെ താരിഫ് ഏർപ്പെടുത്തുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം. ഇതോടെ ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകും. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25% താരിഫാണ് ട്രംപ് ഏർപ്പെടുത്തിയത്. കൂടാതെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെ തീരുവ 10% ല്‍ നിന്ന് 20 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.
ചൈനയും കാനഡയും ട്രംപിൻ്റെ തീരുവ നയങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അമേരിക്ക് അധിക തീരുവ ചുമത്തിയതിൻ്റെ പിറകെ, അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്കാണ് താരിഫ് ചുമത്തിയത്. അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തിൽ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതികരിച്ചിട്ടുണ്ട്.
എന്നാൽ ചൈനയിൽ നിന്നും കാനഡയിൽ നിന്നും വ്യത്യസ്തമായി, മെക്സിക്കോ പ്രതികാര തീരുവ ചുമത്താൻ കുറച്ചുകൂടി കാലതാമസം എടുത്തിട്ടുണ്ട്. അടുത്ത ഞായറാഴ്ച മെക്സിക്കോ സിറ്റിയിലെ സെൻട്രൽ പ്ലാസയിൽ നടക്കുന്ന ഒരു പൊതു പരിപാടിയിൽ തീരുവ ചുമത്താൻ മെക്സിക്കോ ലക്ഷ്യമിടുന്ന ഉൽപ്പന്നങ്ങൾ പ്രഖ്യാപിക്കുമെന്ന് ഷെയിൻബോം പറഞ്ഞു. ട്രംപ് അധികാരമേറ്റ് തീരുവ നയങഅങൾ പ്രഖ്യാപിച്ച ജനുവരി മുതൽ തന്നെ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഷെയിൻബോം പറഞ്ഞു.
