മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുടെ നിര്‍മ്മാണ കമ്പനിയായ ഭഗവതി പ്രൊഡക്ട്‌സ് 17,000 കോടി രൂപ വരുമാനം കടന്ന് വമ്പന്‍ തിരിച്ചുവരവ് നടത്തി. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിന് പുറമെ ഐടി ഹാര്‍ഡ്വെയര്‍, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് എന്നിവയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന കമ്പനി, ഒരു വലിയ ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ്.

ഒരു കാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി ഭരിച്ചിരുന്ന മൈക്രോമാക്‌സ് ഓര്‍മ്മയുണ്ടോ? ചൈനീസ് ഫോണുകളുടെ കടന്നുകയറ്റത്തില്‍ മൈക്രോമാക്‌സിന് വിപണി നഷ്ടമായെങ്കിലും, അതിന്റെ സഹസ്ഥാപകനും പ്രശസ്ത നടി അസിന്റെ ഭര്‍ത്താവുമായ രാഹുല്‍ ശര്‍മ്മ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. മൈക്രോമാക്‌സിന്റെ നിര്‍മ്മാണ വിഭാഗമായ 'ഭഗവതി പ്രൊഡക്ട്‌സ്'ലൂടെ വമ്പന്‍ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. കമ്പനിയുടെ വരുമാനം ഇപ്പോള്‍ 17,000 കോടി രൂപ കടന്നിരിക്കുകയാണ്. വരാനിരിക്കുന്ന ഐപിഒയ്ക്ക് മുന്നോടിയായി കമ്പനി പുതിയ സിഇഒയെയും നിയമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇലക്ട്രോണിക്‌സ് കരാര്‍ നിര്‍മ്മാണ മേഖലയില്‍ ഭഗവതി പ്രൊഡക്ട്‌സ് അതിവേഗമാണ് വളരുന്നത്. ചൈനീസ് കമ്പനിയായ ഹുവാക്വിനുമായുള്ള ചേര്‍ന്നുള്ള സംരംഭം വഴിയാണ് ഈ നേട്ടത്തിന്റെ സിംഹഭാഗവും ഉണ്ടായത്. വെറും സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മറ്റ് ഇലക്ട്രോണിക്‌സ് മേഖലകളിലേക്കും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കമ്പനിയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ വെറും 620 കോടി രൂപയായിരുന്ന വരുമാനം, 2025-ല്‍ പത്തിരട്ടി വര്‍ധിച്ച് 6,200 കോടി രൂപയിലെത്തിയിരുന്നു. ഇപ്പോള്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 17,000 കോടി രൂപ കടന്നിരിക്കുകയാണ്. നേരത്തെ 15,000 കോടി രൂപയായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നതെങ്കിലും അത് മറികടക്കാന്‍ ഭഗവതിക്കായി.

പുതിയ സിഇഒയായി ജെറി ചെന്‍

കമ്പനിയുടെ വികസന പദ്ധതികള്‍ക്കും വരാനിരിക്കുന്ന ഐപിഒയ്ക്കും നേതൃത്വം നല്‍കാനായി ജെറി ചെന്നിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. നിര്‍മ്മാണ മേഖലയില്‍ പരിചയസമ്പത്തുള്ള വ്യക്തിയാണ് ജെറി ചെന്‍. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഹി- പി ഗൂപ്പില്‍ പത്തു വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം ആഗോള ബ്രാന്‍ഡുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇനി ലക്ഷ്യം കമ്പ്യൂട്ടറും കാറുകളും

നിലവില്‍ വിവോ, ഓപ്പോ, ലെനോവോ തുടങ്ങിയ പ്രമുഖ ആഗോള ബ്രാന്‍ഡുകള്‍ക്കായി ഭഗവതി പ്രൊഡക്ട്‌സ് സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പ്രതിവര്‍ഷം 40 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. ടാബ്ലെറ്റുകള്‍, വയര്‍ലെസ് സ്റ്റീരിയോ ഉപകരണങ്ങള്‍ എന്നിവയും ഇവര്‍ നിര്‍മ്മിക്കുന്നു. ഇനി ഐടി ഹാര്‍ഡ്വെയര്‍, കമ്പ്യൂട്ടിംഗ് മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് രാഹുല്‍ ശര്‍മ്മ വ്യക്തമാക്കി. കൂടാതെ, പുതിയ കാലത്തെ വാഹനങ്ങള്‍ കൂടുതല്‍ സോഫ്റ്റ്വെയര്‍ അധിഷ്ഠിതമാകുന്നതിനാല്‍ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്‌സ് മേഖലയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കേവലം ഫോണുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന്പകരം ഡിസൈന്‍, എഞ്ചിനീയറിംഗ്, ഘടകഭാഗങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ ഊന്നല്‍ നല്‍കി ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്‌സ് ഡിസൈന്‍ പ്ലാറ്റ്ഫോമായി മാറുക എന്നതാണ് ലക്ഷ്യം. ഡിസ്പ്ലേകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണത്തിലേക്ക് കമ്പനി കടക്കുകയാണ്.

വരുന്നു 20,000 കോടിയുടെ ഐപിഒ

ഭഗവതി പ്രൊഡക്ട്‌സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവരെയാണ് ഉപദേശകരായി നിയമിച്ചിരിക്കുന്നത്. ഐപിഒ വഴി 3,000 കോടി രൂപയിലധികം സമാഹരിക്കാന്‍ പദ്ധതിയുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഐപിഒ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2010-ല്‍ സ്ഥാപിതമായ ഭഗവതി പ്രൊഡക്ട്‌സിന് ഗ്രേറ്റര്‍ നോയിഡ, ഹൈദരാബാദ്, ഭിവാദി, രുദ്രാപൂര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മാണ യൂണിറ്റുകളുണ്ട്. ഇതില്‍ ഗ്രേറ്റര്‍ നോയിഡയിലെ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്ലാന്റാണ് ഏറ്റവും വലുത്.