കേരളത്തിലെ ശരാശരി മലയാളി കുടുംബങ്ങളുടെ നിത്യജീവിതത്തിൽ റിലയൻസ് ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഉപയോഗിക്കുന്ന ജിയോ നെറ്റ്‌വർക്ക് മുതൽ അടുക്കളയിലെ ഇൻഡിപെൻഡൻസ് ഉൽപ്പന്നങ്ങൾ, ഷോപ്പിംഗിനുള്ള സ്മാർട്ട് ബസാർ, ഫാഷനായുള്ള ട്രെൻഡ്സ് വരെ റിലയൻസിന്റെ നിരവധി ബ്രാൻഡുകൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു.
കേരളത്തിലെ ശരാശരി മലയാളി കുടുംബങ്ങളുടെ നിത്യജീവിതത്തിൽ ഇന്ന് റിലയൻസ് (Reliance) എന്ന ബിസിനസ് ഭീമന്റെ സാന്നിധ്യമില്ലാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയാം. പണ്ടൊക്കെ പെട്രോളും തുണികളും ഫോണും മാത്രമായിരുന്നു റിലയൻസ് എന്നാൽ നമുക്ക്. എന്നാലിപ്പോൾ, രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിയിരിക്കുന്നു ഈ മുകേഷ് അമ്പാനിയുടെ റിലയൻസ്. മലയാളികൾ ദിവസവും ഉപയോഗിക്കുന്ന പ്രധാന റിലയൻസ് ബ്രാൻഡുകളും അവ നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നും നോക്കാം.
കണ്ണു തുറക്കുമ്പോൾ ആദ്യം വേണ്ടത് നെറ്റ്വർക്ക്- ജിയോ (Jio)
രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ മിക്ക മലയാളികളും ആദ്യം ഫോണിലാണ് തൊടുന്നത്. വാട്സാപ്പ് നോക്കാനും വാർത്തകൾ അറിയാനും യൂട്യൂബ് കാണാനുമെല്ലാം ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഡാറ്റാ ശൃംഖലയിൽ ഭൂരിഭാഗവും റിലയൻസ് ജിയോ ആണ്. ജിയോയുടെ വരവോടെയാണ് രാജ്യത്ത് ഇന്റർനെറ്റ് വിപ്ലവം തന്നെ ഉണ്ടായത്.
അടുക്കള ഭരിക്കുന്ന 'ഇൻഡിപെൻഡൻസ്' (Independence)
മലയാളികളുടെ അടുക്കളകളിലേക്ക് റിലയൻസ് നേരിട്ട് എത്തിച്ച ബ്രാൻഡാണിത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയൻസ് ഈ ബ്രാൻഡ് അവതരിപ്പിച്ചത്. അരി, ആട്ട , വിവിധതരം പരിപ്പുകൾ, പഞ്ചസാര, പാചക എണ്ണകൾ എന്നിവയെല്ലാം ഇൻഡിപെൻഡൻസ് ബ്രാൻഡിൽ ഇന്ന് ലഭ്യമാണ്.
സ്മാർട്ട് ബസാറും ജിയോമാർട്ടും (Smart Bazaar & JioMart)
മലയാളികൾക്ക് പണ്ട് പരിചിതമായിരുന്ന 'ബിഗ് ബസാർ' സ്റ്റോറുകളെല്ലാം ഇന്ന് റിലയൻസ് ഏറ്റെടുത്ത് 'സ്മാർട്ട് ബസാർ' (Smart Bazaar) ആക്കി മാറ്റിയിരിക്കുകയാണ്. വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും പച്ചക്കറികൾ വാങ്ങാനും മലയാളികൾ കൂടുതലായി ആശ്രയിക്കുന്നത് ഷോപ്പിംഗ് മാളുകളെയാണ്. ഇതിൽത്തന്നെ നഗരങ്ങളിൽ വലിയ തിരക്കുള്ള ഒരു സ്ഥാപനമാണ് സ്മാർട്ട് ബസാറുകൾ. ചെറിയ നഗരങ്ങളിൽ ഇതിനായി 'സ്മാർട്ട് പോയിന്റുകളും' (Smart Point) ഉണ്ട്. കടയിൽ പോകാൻ മടിയുള്ളവർ മൊബൈലിലെ 'ജിയോമാർട്ട്' (JioMart) ആപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുകയുമാകാം.
തിരിച്ചു വന്ന 'ക്യാമ്പ കോള' (Campa Cola)
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഫ്റ്റ് ഡ്രിങ്കുകളായ കൊക്കകോളയോടും പെപ്സിയോടും മത്സരിക്കാൻ റിലയൻസ് ഇറക്കിയ ആയുധമാണ് ക്യാമ്പ കോള. ഇന്ത്യയിലെ ഈ പഴയ ബ്രാൻഡിനെ റിലയൻസ് വിലയ്ക്ക് വാങ്ങി, വളരെ കുറഞ്ഞ വിലയിൽ (വെറും 10 രൂപയ്ക്ക് വരെ) വിപണിയിലെത്തിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക കടകളിലും ക്യാമ്പ കോള സജീവമാണ്.
മലയാളിയെ ഫാഷൻ പഠിപ്പിച്ച 'ട്രെൻഡ്സ്' (Trends)
കേരളത്തിലെ ചെറുനഗരങ്ങളിൽ പോലും ഇന്ന് റിലയൻസ് ട്രെൻഡ്സ് (Reliance Trends) ഷോറൂമുകൾ കാണാം. സാധാരണക്കാരായ മലയാളികൾക്ക് ബഡ്ജറ്റിലൊതുങ്ങുന്ന വിലയിൽ ട്രെൻഡിങ് ആയ വസ്ത്രങ്ങൾ വാങ്ങാൻ പറ്റിയ ഇടമായി ട്രെൻഡ്സ് മാറി. ഇതിനുപുറമെ, വസ്ത്രങ്ങൾ ഓൺലൈനായി വാങ്ങാൻ താല്പര്യപ്പെടുന്ന മലയാളികളുടെ ഫോണിലെ സ്ഥിരം സാന്നിധ്യമാണ് അജിയോ (AJIO) ആപ്പ്. യുവാക്കൾക്കായി കുറഞ്ഞ വിലയിൽ വസ്ത്രങ്ങൾ നൽകുന്ന യൂസ്റ്റാ (Yousta) എന്ന പുതിയ സ്റ്റോറും റിലയൻസിന്റേതാണ്.
വീട്ടുപകരണങ്ങൾക്കായി 'റിലയൻസ് ഡിജിറ്റൽ' (Reliance Digital)
വീട്ടിലേക്ക് ഒരു പുതിയ ടിവിയോ, ഫ്രിഡ്ജോ, എസിയോ അല്ലെങ്കിൽ മൊബൈൽ ഫോണോ വാങ്ങാൻ മലയാളികൾ ആദ്യം ഓടിയെത്തുന്ന വലിയൊരു ഇലക്ട്രോണിക്സ് ശൃംഖലയാണ് റിലയൻസ് ഡിജിറ്റൽ.
സ്ത്രീകളുടെ ഫേവറേറ്റ് ക്ലോവിയ& സിവാമെ (Clovia & Zivame)
മിക്ക സ്ത്രീകൾക്കും അറിയാവുന്ന രണ്ട് പേരുകളാണ് ക്ലോവിയയും സിവാമെയും. അടിവസ്ത്രങ്ങൾക്കായി പുറത്ത് മാർക്കറ്റിൽ പോരടിക്കുന്ന ഈ കമ്പനി സത്യത്തിൽ ഒരേ പാരന്റ് കമ്പനിയുടേതാണ്.
പല്ലുതേപ്പും ചായകുടിയും കഴിഞ്ഞ്, ഫോൺ റീച്ചാർജ് ചെയ്ത്, വസ്ത്രം ധരിച്ച്, കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും റിലയൻസിന്റെ ഏതെങ്കിലും ഒരു ബ്രാൻഡ് മലയാളി അറിയാതെയും അറിഞ്ഞുകൊണ്ടും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ഉപഭോക്തൃ സംസ്കാരത്തെ തന്നെ മാറ്റിമറിക്കാൻ ഈ ബ്രാൻഡുകൾക്ക് സാധിച്ചിട്ടുണ്ട്.


