കൊച്ചി: കൊവിഡ് കാലത്ത് നല്ലൊരു ശതമാനം സ്ഥാപനങ്ങളും നഷ്ടത്തിലേക്ക് വീണപ്പോൾ വരുമാനം ഉയർത്തിയ ഒരു സഹകരണ സ്ഥാപനമുണ്ട് സംസ്ഥാനത്ത്, മിൽമ. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മിൽമയുടെ വരുമാനത്തിൽ ഏഴ് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പാൽ വരവ് കുറഞ്ഞതാണ് മിൽമയെ തുണച്ചത്.

മധ്യകേരളത്തിൽ മാത്രം 35,000 ലിറ്റർ പാലിന്‍റെ പ്രതിദിന അധിക വിൽപ്പനയാണ് കഴിഞ്ഞ ആറ് മാസമായി മിൽമ നടത്തുന്നത്. കൊവിഡ് ലോക്ഡൗണിന്‍റെ തുടക്കത്തിൽ ക്ഷീരകർഷകരിൽ നിന്ന് പാൽ സംഭരിക്കാത്തിന് ഏറെ പഴി കേട്ടിരുന്നു മിൽമ. എന്നാൽ പതുക്കെ സ്ഥിതി മാറി. കൊവിഡ് നിയന്ത്രണങ്ങൾ നിമിത്തം തമിഴ്നാട്ടിൽ നിന്നുള്ള പാൽ വരവ് കുറഞ്ഞതാണ് മെച്ചമായത്. ഇതോടെ വിപണിയിൽ മിൽമ പാലിന് ആവശ്യക്കാരേറി.

വരുമാനം കൂടിയതോടെ ക്ഷീരകർഷകരെ സഹായിക്കാൻ പുതിയ പദ്ധതികളും അണിയറയിലുണ്ട്. ഇതിൽ കൃഷിവകുപ്പുമായി ചേ‍ർന്ന് നടപ്പാക്കുന്ന തേലും പാലും പദ്ധതി ഈ മാസം തുടങ്ങും. താത്പര്യമുള്ള ക്ഷീരകർഷകർക്ക് മിൽമ തേനീച്ചകളെയും കൂടും നൽകും. 

ഇതിൽ നിന്ന് ലഭിക്കുന്ന തേൻ സംഘത്തിൽ നൽകി പണം വാങ്ങാം. ഈ തേൻ ഹോർട്ടികോർപ്പ് ഔട്ട്‍ലറ്റുകളിലൂടെ മിൽമ വിൽക്കും. ഉണക്ക ചാണക വിൽപ്പനയിലൂടെ ക്ഷീരകർഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതിയും സംഘം ആസൂത്രണം ചെയ്യുന്നുണ്ട്.