Asianet News MalayalamAsianet News Malayalam

മൊബൈല്‍ കമ്പനികള്‍ വന്‍ നഷ്ടത്തില്‍; ഡാറ്റാ, കോള്‍ നിരക്കുകള്‍ ഡിസംബറില്‍ മൂന്നിരട്ടിയാവും

ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. 

Mobile call, data to cost more as Vodafone-Idea, Airtel to hike rates from December
Author
Mumbai, First Published Nov 19, 2019, 3:29 PM IST

മുംബൈ: ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ സുവര്‍ണ്ണകാലത്തിന് അന്ത്യമാകുന്നു. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി മൊബൈല്‍ കമ്പനികള്‍. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. 

ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു. ഡിസംബര്‍ മുതലാണ് നിരക്കുവര്‍ധന നിലവില്‍ വരികയെന്നാണ് സൂചന. എത്ര ശതമാനം വര്‍ധന നിരക്കിലുണ്ടാവുമെന്ന് കമ്പനികള്‍ വിശദമാക്കിയിട്ടില്ല. മേഖലയിലെ നികുതി വര്‍ധന നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലേക്ക് കമ്പനികളെ എത്തിക്കുന്നുവെന്നാണ് വിവരം. നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കില്‍ വര്‍ധനവുണ്ടാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

ജിയോയുടെ കടന്നുവരവ് ടെലികോം രംഗത്ത് മറ്റ് കമ്പനികള്‍ക്ക് ചെറുതല്ലാത്ത രീതിയിലാണ് നഷ്ടമുണ്ടാക്കിയിട്ടുള്ളത്. എജിആര്‍ അടവുകളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ കമ്പനിക്ക് നഷ്ടം ഉണ്ടായതെന്നും ഭാരതി എയര്‍ടെല്‍ വിശദീകരിക്കുന്നുണ്ട്. 28,450 കോടിയാണ് കേന്ദ്രസര്‍ക്കാരിലേക്ക് എയര്‍ടെല്‍ തിരിച്ചടക്കേണ്ടത്. ഇതില്‍ മുതലായി അടക്കേണ്ടത് 6164 കോടിയാണ്. ഇതിന്‌റെ പലിശ 12219 കോടി, പിഴ 3760 കോടി, പിഴപ്പലിശ 6307 കോടിയുമാണ് തിരിച്ചടക്കേണ്ടത്.

ഇന്‍റര്‍കണക്ട് യൂസേജ് ചാര്‍ജിനെച്ചൊല്ലിയുള്ള തര്‍ക്കവും നിരക്ക് വര്‍ധനക്ക് കാരണമാകുന്നുവെന്നാണ് നിരീക്ഷണം. മിനിറ്റിന് 6 പൈസയാണ് നിലവില്‍ ഇന്റർകണക്ട് യൂസേജ് ചാര്‍ജ് ആയി ഈടാക്കുന്നത്. ഇത് എടുത്ത് കളയണമെന്ന് ജിയോ ആവശ്യപ്പെടുമ്പോള്‍ 14 പൈസയായി ഉയര്‍ത്തണമെന്നാണ് എയര്‍ടെലും വോഡൊഫോണും ആവശ്യപ്പെടുന്നത്. 2020 ജനുവരി 1 മുതൽ ഐയുസി വേണ്ടെന്ന നിലപാട് 2017ൽത്തന്നെ ട്രായി കൈക്കൊണ്ടിരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് വന്‍ നിരക്ക് കുറവ് ഓഫറുകളുമായെത്തിയ ജിയോ നിരക്കുകളില്‍ വര്‍ധന വരുത്തിയിരുന്നു. ജിയോ മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റില്‍  6 പൈസ ഈടാക്കാന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വര്‍ധിക്കുന്ന മത്സരത്തിന് പിന്നാലെ ചില ചെലവ് കുറഞ്ഞ പ്ലാനുകളും ജിയോ പിന്‍വലിച്ചിരുന്നു. ലോകത്ത് ഏറ്റവും വിലക്കുറവില്‍ മൊബൈല്‍ ലഭ്യമായ രാജ്യമാണ് ഇന്ത്യ. ഡേറ്റ ഉപഭോഗം നിരന്തരം വര്‍ധിച്ചിട്ടും നിരക്കുകളില്‍ കാര്യമായ വര്‍ധനയില്ലായിരുന്നു. 

Follow Us:
Download App:
  • android
  • ios