ദില്ലി: കൊവിഡ് മഹാമാരി ലോകത്തെയാകെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ലോകമാകെയുള്ള  കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കൊവിഡ് വാക്‌സിനിലാണ്. ഈ വാക്‌സില്‍ ഫലപ്രദമായിരിക്കുമോ എന്ന ചോദ്യത്തോടൊപ്പം തന്നെ വാക്‌സിനെന്ത് വില വരും എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

തങ്ങള്‍ വികസിപ്പിക്കുന്ന വാക്‌സിന്റെ വില എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ജര്‍മ്മന്‍ കമ്പനിയായ മോഡേര്‍ണ. വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്യുന്ന സര്‍ക്കാരുകളില്‍ നിന്ന് ഡോസിന് 25 ഡോളര്‍ മുതല്‍ 37 ഡോളര്‍ വരെ വില(1850-2700 രൂപ) ഈടാക്കുമെന്നാണ് കമ്പനിയുടെ സി ഇ ഒ സ്റ്റീഫന്‍ ബന്‍സല്‍ പറയുന്നത്.

വില അധികമാണെന്നും കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ മോഡേര്‍ണ കമ്പനിയുമായി ചര്‍ച്ച നടത്തി. ഡോസിന് 25 ഡോളറില്‍ കുറവ് വില ഈടാക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം.

ഒരു കരാറിലെത്തിയില്ലെങ്കിലും തങ്ങള്‍ യൂറോപ്യന്‍ യൂണിയനുമായി ഒരു ധാരണയിലെത്തിയെന്ന് സ്റ്റീഫന്‍ ബന്‍സല്‍ പറയുന്നു. ഇന്നത്തെ വിപണന നിരക്ക് അനുസരിച്ച് മോഡേര്‍ണയുടെ വാക്‌സിന് 1854 രൂപതല്‍ 2744 രൂപ വരെ വിലയുണ്ടാകും.