ദില്ലി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഓഹരികൾ പൂർണ്ണമായും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുമായി ബിപിസിഎല്ലിലെ എക്സിക്യുട്ടീവുമാരും. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ സ്വകാര്യവത്കരണ നീക്കത്തിനൊരുങ്ങുന്ന കേന്ദ്രസർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. ബിപിസിഎല്ലിന്‍റെ ഓയിൽ റിഫൈനറികൾ അടക്കം സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനുള്ള തീരുമാനത്തിന് എതിരെ നേരത്തെ തന്നെ തൊഴിലാളികൾ രംഗത്ത് വന്നിരുന്നു.

ബിപിസിഎല്ലിൽ നിലവിലുള്ള 53.29 ശതമാനം ഓഹരികളും വിറ്റഴിച്ച് 13.9 ബില്യൺ ഡോളർ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഈ തീരുമാനം കമ്പനികൾക്കിടയിലെ മത്സരബുദ്ധി വർധിപ്പിക്കുമെന്നും അതുവഴി ഉപഭോക്താവിന് ലാഭമുണ്ടാകുമെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ഈ തീരുമാനം കൊണ്ട് കൊള്ളലാഭം കൊയ്യാനും, വിഭവങ്ങൾ ചൂഷണം ചെയ്യാനും മാത്രമേ സ്വകാര്യ ഓഹരി ഉടമകൾ ശ്രമിക്കൂവെന്നാണ് ഫെഡറേഷൻ ഓഫ് ഓയിൽ പിഎസ്‌യു ഓഫീസേർസ്, കോൺഫെഡറേഷൻ ഓഫ് മഹാരത്മ കമ്പനീസ് എന്നിവയുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ ബിപിസിഎൽ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ കമ്പനിക്ക് മൂന്ന് ഓയിൽ റിഫൈനറികളും ഉണ്ട്. കേരള സർക്കാർ ബിപിസിഎൽ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരും ഇതിന് എതിരാണ്. മഹാരാഷ്ട്രയിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ്
ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിപിസിഎൽ വിൽപ്പനയ്ക്ക് എതിരെ കൂടുതൽ ശക്തമായ പ്രതിഷേധമുയരുമെന്ന് ഉറപ്പായി.