ദില്ലി: സാമ്പത്തിക വളർച്ച താഴേക്ക് പോകുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ഭീതിക്കിടെ, പരിഷ്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. അഞ്ച് വർഷം കൊണ്ട് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് നീക്കം. വിപണിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഉദ്ദേശം.

2013 ന് ശേഷം ഏറ്റവും താഴ്ന്ന സാമ്പത്തിക വളർച്ചാ നിരക്കാണ് ഇക്കഴിഞ്ഞ പാദത്തിലുണ്ടായത്. 2019- 20 ലെ ജൂലൈ- സെപ്തംബർ പാദത്തിൽ 4.5 ശതമാനമായിരുന്നു വളർച്ച. ഒരു വിഭാഗം ഉദ്യോഗസ്ഥർ പുതിയ പദ്ധതികളുടെ പഠനത്തിലാണെന്നും ഫണ്ട് തയ്യാറായാലുടൻ ഇത് ഈ പദ്ധതികളിലേക്ക് നിക്ഷേപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഈ ടാസ്കുകൾ പൂർത്തിയായെന്നും ഡിസംബർ 15 നകം കുറഞ്ഞത് പത്ത് പദ്ധതികൾക്ക് പണം കൈമാറുമെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. 2014 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ മോദി സർക്കാരിന് എന്നാല്‍, ഈ ലക്ഷ്യം നേടാനായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ സർക്കാർ 2025 ൽ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.