മുംബൈ: കൊവിഡും ലോക്ക്ഡൌണും വെല്ലുവിളിയായി ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ട്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്. രാജ്യത്തെ തന്നെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സിനാണ് ഓഹരി വില 6.8 ശതമാനം ഇടിഞ്ഞത്. മെയ് 12 ശേഷമുള്ള അറ്റവും കുറഞ്ഞ ഓഹരിവിലയിലേക്കാണ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എത്തിയത്. 

ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സിനെ അടിസ്ഥാനമാക്കി അംബാനിയുടെ സ്വത്തിലും സാരമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുമാനത്തില്‍ ഇരുപത്തിനാല് ശതമാനത്തിന്‍റെ കുറവാണ് റിലയന്‍സിനുണ്ടായിരിക്കുന്നത്.  സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലുണ്ടായ തിരിച്ചടിയും റിലയന്‍സിന് ഓഹരി മൂല്യം കുറച്ചതായാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 മൂലം ആളുകള്‍ ഇന്ധനം വളരെക്കുറിച്ച് ഉപയോഗിച്ചതും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തിരിച്ചടിയായി.

ഏഴ് ബില്യണ്‍ ഡോളറിന്‍റെ നഷ്ടം ഒറ്റ ദിവസം നേരിട്ടതോടെ ധനികരുടെ ഫോബ്സ് പട്ടികയില്‍ മുകേഷ് അംബാനി 9ാം സ്ഥാനത്തായി. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിനും പിന്നിലായി മുകേഷ് അംബാനി നിലവിലുള്ളത്.  ഒക്ടോബര്‍ 30ന് റിലയന്‍സ് പുറത്ത് വിട്ട രണ്ടാ പാദ വരുമാനത്തില്‍ 32.5 ശതമാനമാണ് കുറവ് വന്നത്.