അംബാനി ട്രംപിനോടും ഖത്തര്‍ അമീറിനോടും സൗഹൃദ സംഭാഷണം നടത്തുന്നതിന്‍റെ ദൃശ്യം  പുറത്തുവന്നിട്ടുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഖത്തറിലെ ലുസൈല്‍ പാലസില്‍ വെച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും കണ്ടു. ഈ വര്‍ഷം ജനുവരിയില്‍ ട്രംപിന്‍റെ പ്രസിഡന്‍റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമുള്ള അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-ഥാനി ട്രംപിനായി നടത്തിയ വിരുന്നിലാണ് അംബാനി പങ്കെടുത്തത്. വിരുന്നിന് മുന്‍പായി അംബാനി ട്രംപിനോടും ഖത്തര്‍ അമീറിനോടും സൗഹൃദ സംഭാഷണം നടത്തുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കിനോടൊപ്പം മുകേഷ് അംബാനി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും കാണാം.

വിരുന്നില്‍ വ്യാപാര ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും, ട്രംപിന്‍റെ തീരുമാനങ്ങളുമായി അടുത്ത ബന്ധമുള്ള നിരവധി ബിസിനസുകള്‍ അംബാനിയുടെ റിലയന്‍സിനുണ്ട്. ജനുവരിയില്‍, അംബാനിയും ഭാര്യ നിതയും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് പോയിരുന്നു. സ്ഥാനാരോഹണത്തിന് ഒരു ദിവസം മുന്‍പ് യുഎസ് പ്രസിഡന്‍റിനൊപ്പം നടന്ന പ്രത്യേക അത്താഴ വിരുന്നിലും അവര്‍ പങ്കെടുത്തു.

യുഎസുമായും ഖത്തറുമായുമുള്ള റിലയന്‍സിന്‍റെ ബിസിനസ് ബന്ധങ്ങള്‍

2024-ല്‍, വെനസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ യുഎസ് സര്‍ക്കാര്‍ റിലയന്‍സിന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് 25 ശതമാനം തീരുവ ചുമത്തിയതോടെ അത് നിര്‍ത്തിവച്ചു. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഉപയോഗിച്ച് അമേരിക്കന്‍ വിപണിയിലേക്ക് ഗ്യാസോലിന്‍ പോലുള്ള ഇന്ധനങ്ങളും റിലയന്‍സ് വിതരണം ചെയ്യുന്നുണ്ട്. ഖത്തറുമായും റിലയന്‍സിന് ബന്ധമുണ്ട്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (ക്യുഐഎ) അംബാനിയുടെ റീട്ടെയില്‍ സംരംഭത്തില്‍ ഏകദേശം 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-ഥാനി ഇന്ത്യ സന്ദര്‍ശിക്കുകയും വിവിധ വ്യവസായങ്ങളില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. സൗദി അറേബ്യയില്‍ നിന്ന് ആരംഭിച്ച മിഡില്‍ ഈസ്റ്റ് പര്യടനത്തിന്‍റെ ഭാഗമായാണ് ട്രംപ് ഖത്തര്‍ സന്ദര്‍ശിച്ചത്.