റഷ്യയിൽ തടവിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ വെളിപ്പെടുത്തൽ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിലാണ് പുടിന്റെ നിക്ഷേപമുള്ളത്

ദില്ലി: യുക്രൈനെ ഓർത്ത് കണ്ണീർവാർക്കുകയാണ് യൂറോപ്യൻ യൂണിയനും അമേരിക്കയും. എന്നാൽ നേരിട്ടുള്ള സൈനിക നീക്കമോ യുക്രൈന് സൈനിക സഹായമോ ഇരു വിഭാഗവും നൽകുന്നില്ല. മറിച്ച് പുടിന്റെ ആസ്തികൾ മരവിപ്പിച്ചും റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയും മുന്നോട്ട് പോവുകയാണ് യുക്രൈൻ അനുകൂല രാഷ്ട്രങ്ങൾ.

ലോകത്തെ അതിസമ്പന്നരിൽ ഒരാളാണ് പുടിനെങ്കിലും ഇദ്ദേഹത്തിന്റെ ആസ്തി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. അതീവ രഹസ്യമായാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കടലാസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, ബിനാമി ഇടപാടുകൾ അങ്ങിനെ പോകുന്നു പുടിന്റെ ആസ്തികൾ ഒളിച്ചുവെച്ച വിധം.

മുൻപ് റഷ്യയിൽ നിക്ഷേപം നടത്തിയ അമേരിക്കക്കാരനായ ബിൽ ബൗഡർ, പിന്നീട് പുടിന്റെ കടുത്ത വിമർശകനായി മാറിയിരുന്നു. ഇദ്ദേഹം 2017 ൽ യുഎസ് സെനറ്റിൽ പറഞ്ഞത് പുടിന് 200 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ്. ലോകത്ത് ഏറ്റവും അതിസമ്പന്നനായ ഇലോൺ മസ്കിന് പോലും ഇതിന്റെ പാതിയോളം മാത്രമാണ് ആസ്തി. അതും 2022 ലെ കണക്കുകൾ പ്രകാരം.

എന്നാൽ പുടിന്റെ പേരിൽ എന്തൊക്കെയുണ്ടെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. 2012 ൽ റഷ്യൻ ഉപദേശകനായിരുന്ന സ്റ്റനിസ്ലാവ് ബെൽകോവ്സ്കി പറഞ്ഞത് പുടിന് 70 ബില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ്. റഷ്യൻ കമ്പനികളിൽ പുടിന്റേതെന്ന് പറയപ്പെടുന്ന നിക്ഷേപങ്ങൾ മാത്രം കണക്കാക്കിയായിരുന്നു ഇത്. 

എന്നാൽ പുടിന്റെ വാർഷിക വരുമാനം 1.40 ലക്ഷം ഡോളർ ആണെന്ന് റഷ്യയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 800 ചതുരശ്ര അടി വലിപ്പമുള്ള ഒരു വീട് സെന്റ് പീറ്റേർസ്ബെർഗിൽ അദ്ദേഹത്തിനുണ്ടെന്നും, സോവിയറ്റ് കാലത്തെ രണ്ട് കാറുകളും ഒരു ഓഫ് റോഡ് ട്രക്കും കാർ ട്രെയ്ലറും ഇദ്ദേഹത്തിനുണ്ടെന്നുമാണ് ക്രെംലിൻ ഔദ്യോഗിക രേഖകൾ പറയുന്നത്.

പുടിന്റെ യഥാർത്ഥ സമ്പത്തിനെ കുറിച്ചുള്ള പൂർണവിവരങ്ങൾ ഇപ്പോഴും ലോകരാഷ്ട്രങ്ങളുടെ പക്കലില്ല. അമേരിക്കയും യൂറോപ്യൻ യൂണിയനും തങ്ങളുടെ പരിധിയിലെ പുടിന്റെ ആസ്തികൾ മരവിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എവിടെയൊക്കെയാണ്, എന്തൊക്കെയാണ് എന്നൊന്നും കൃത്യമായ കണക്കുകൾ ഇരുവിഭാഗത്തിന്റെയും പക്കലില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റഷ്യയിൽ തടവിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ വെളിപ്പെടുത്തൽ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിലാണ് പുടിന്റെ നിക്ഷേപമുള്ളത്. പുടിന്റെ സുഹൃത്തുക്കളും ഇവിടെ നിക്ഷേപം നടത്തിയിരിക്കുന്നത് പുടിന് വേണ്ടിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. റഷ്യയുടെ 35 മുതിർന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയാവശ്യപ്പെട്ട് നവാൽനി വൈറ്റ് ഹൗസിലേക്ക് കത്തയച്ചിരുന്നു.

പുടിന്റെ ആസ്തികൾ തിരിച്ചറിയാൻ നവാൽനി ഒരിക്കൽ ശ്രമിച്ചിരുന്നു. ജനുവരിയിൽ ഇദ്ദേഹം പുറത്തുവിട്ട വീഡിയോയിൽ റഷ്യയിലെ ബ്ലാക് സീക്ക് അടുത്തുള്ള 1.4 ബില്യൺ ഡോളർ മൂല്യമുള്ള കൊട്ടാരം പുടിന്റേതാണെന്ന് ആരോപിക്കുന്നു. തന്റെ വ്യക്തിഗത ആസ്തികൾ മരവിപ്പിക്കുന്നത് പുടിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. അദ്ദേഹം ഇപ്പോൾ തന്നെ ഇക്കാര്യത്തിൽ ആശങ്കയിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന 125 ദശലക്ഷം ഡോളർ മൂല്യമുള്ള യാനം ബാൽറ്റിക് കടലിൽ ജർമ്മനിയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരുടെ കണ്ണിൽപെടുകയും വാർത്തയാവുകയും ചെയ്തിരുന്നു. 49 അടി നീളമുള്ള, ആവശ്യമെങ്കിൽ ഡാൻസ് ഫ്ലോറാക്കി മാറ്റാൻ കഴിയുന്ന നീന്തൽക്കുളമാണ് ഈ യാനത്തിന്റെ സവിശേഷത.