മുംബൈ: മുന്‍ ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് ഗോയലിനെയും ഭാര്യയെയും മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. വിദേശത്തേക്ക് പോകാനായി ശനിയാഴ്ച വിമാനത്താവളത്തിലെത്തിയെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജെറ്റ് എയര്‍വേസ് സ്ഥാപകര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി അധകൃതര്‍ അറിയിച്ചു. അടുത്തിടെയാണ് എയര്‍ലൈനിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജി വച്ചത്. ജെറ്റ് എയര്‍വേസിന്‍റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

ജെറ്റ് എയർവേസ് സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്ന് രാജിവച്ചിരുന്നു. ജെറ്റ് എയർവേസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഇരുവരുടെയും രാജി. കമ്പനിയിൽ 24 ശതമാനം ഓഹരിയുണ്ടായിരുന്ന അബുദാബി ആസ്ഥാനമാക്കിയുള്ള എത്തിഹാദ് എയർവെയ്സും ബോർഡിൽനിന്ന് രാജിവച്ചു. 

നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് 1993 ലാണ് ജെറ്റ് എയര്‍വേസ് രൂപീകരിച്ചത്. 100 കോടി ഡോളറിലേറെ കടബാധ്യത അനുഭവിക്കുന്ന കമ്പനി ഇപ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. വായ്പ കുടിശിക ഉയര്‍ന്നതിനാല്‍ ബാങ്കുകളില്‍ നിന്ന് ജെറ്റ് എയര്‍വേസ് കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. മൂന്ന് മാസമായി ശമ്പളം ലഭിക്കാതായതോടെ പൈലറ്റുമാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേസിന്‍റെ മിക്ക സര്‍വീസുകളും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.