ദില്ലി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ ദിശാബോധം നൽകേണ്ടതുണ്ടെന്നും ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‍ലൈൻ പദ്ധതി ലക്ഷ്യം കൈവരിക്കാൻ സഹായകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

74-ാമത് സ്വാതന്ത്ര്യദിനത്തിൽ ദില്ലിയിലെ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‍ലൈൻ പദ്ധതി'ക്കായി 100 ലക്ഷം കോടി ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ ആധുനികതയിലേക്ക് നയിക്കുന്നതിന് രാജ്യത്തിന്റെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യവികസനത്തിന് ഒരു പുതിയ ദിശ നൽകേണ്ടതുണ്ട്. ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‍ലൈൻ പദ്ധതിയിലൂടെ ഈ ആവശ്യം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‍ലൈൻ പദ്ധതിയുടെ കീഴിൽ 7,000 പ്രോജക്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് മൾട്ടി മോഡൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറിനായി ഒരു വലിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡൻ ക്വാഡ്രിലേറ്ററിലൂടെ റോഡ് ശൃംഖല വിപുലീകരിക്കുന്നതിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി നടത്തിയ പ്രവർത്തനങ്ങളെ നരേന്ദ്ര മോദി അനുസ്മരിച്ചു.