കൊച്ചി: പെരുമഴക്കാലത്തും ഇനി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വരില്ലെന്ന് സിയാൽ .  വെള്ളക്കെട്ട്  തടയാൻ നടപ്പിലാക്കിയ പദ്ധതി വിജയം കണ്ടെന്ന് സിയാൽ അധികൃതർ അറിയിച്ചു. 129 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. എൺപത് ശതമാനം പൂര്‍ത്തിയായി. കനത്ത മഴയിലും ഇത്തവണ വെള്ളം കയറിയില്ല. സമീപ പ്രദേശങ്ങളിലെ പ്രളയഭീതിക്കും ഇതോടെ പരിഹാരമാകുമെന്നാണ് വിശദീകരണം. 

റൺവേയിലടക്കം വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടു പ്രളയകാലത്തും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിരുന്നു. 2018 ഓഗസ്റ്റിൽ പതിനഞ്ചു ദിവസവും 2019 ൽ മൂന്ന് ദിവസവുമാണ് പ്രവർത്തനം മുടങ്ങിയത്. പ്രതിദിനം മുപ്പതിനായിരത്തോളം പേർ യാത്രക്കായെത്തുന്ന വിമാനത്താവളം അടച്ചിടേണ്ടി വന്നതോടെ സിയാലിന് നഷ്ടമായത് കോടികളാണ് .

129 കോടി രൂപാ ചിലവിൽ നാലു പാലവും കനാലും റെഗുലേറ്റർ കം ബ്രിഡ്ജും ഉൾപ്പെടുന്നതാണ് പ്രളയ നിവാരണ പദ്ധതി. എൺപത് ശതമാനം നിർമ്മാണം പൂർത്തിയായതോടെ പദ്ധതി വിജയം കണ്ടെന്നാണ് സിയാൽ വിലയിരുത്തൽ. പെരുമഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെരിയാർ കരകവിഞ്ഞ് ഒഴുകിയിട്ടും വിമാനത്താവളത്തിൽ വെള്ളം കയറിയിരുന്നില്ല.

വിമാനത്താവളത്തിനടുത്ത് കൂടെ ഒഴുകുന്ന ചെങ്ങല്‍തോടിന് കുറുകെ പാലങ്ങൾ . ഇത് കൂടാതെ തോടിന്‍റെ തുടക്കത്തിൽ റെഗുലേറ്റർ കം ബ്രിഡ്ജ്. 23 മീറ്റർ വീതിയിൽ കനാൽ കൂടെ പൂർത്തിയായാൽ അധികജലം സുഖമായി ഒഴുകിപ്പോകും. ഇതോടെ കുഴിപ്പള്ളം, ചെത്തിക്കോട്, തുറവങ്കര അടക്കമുള്ള സമീപ  പ്രദേശങ്ങളിലെ വെള്ളെക്കെട്ട് ദുരിതത്തിനും പരിഹാരമാകുമെന്നാണ് വിലയിരുത്തൽ