രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പ ഏജൻസിയായ എച്ച്ഡിഎഫ്സിയും (HDFC) ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും ലയിക്കുന്നത് പരസ്യത്തിലൂടെ അവതരിപ്പിച്ച് അമൂൽ. സമകാലിക വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങൾകൊണ്ട് അമൂൽ ശ്രദ്ധ നേടിയിരുന്നു
രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പ ഏജൻസിയായ എച്ച്ഡിഎഫ്സി(HDFC) യും ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കും (HDFC Bank) ലയിക്കുന്നത് പരസ്യത്തിലൂടെ അവതരിപ്പിച്ച് അമൂൽ (Amul). സമകാലിക വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള പരസ്യങ്ങൾകൊണ്ട് അമൂൽ ശ്രദ്ധ നേടിയിരുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കുകളുടെ ലയനത്തിലും അമൂൽ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ പരസ്യവുമായി എത്തിയിരിക്കുകയാണ്. ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ അല്ലെങ്കിൽ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡും എച്ച്‌ഡിഎഫ്‌സി ബാങ്കും രണ്ട് സ്ഥാപനങ്ങളുടെയും ലയനം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന് കീഴിലെ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്ന്‍റെ പാല്‍ ഉല്‍പ്പന്ന ബ്രാൻഡായ അമൂലിന്‍റെ കാര്‍ട്ടൂണ്‍ പരസ്യ ക്യാമ്പയിനിലെ കാര്‍ട്ടൂണ്‍ രൂപമാണ് അമൂല്‍ ഗേള്‍. ചുവന്ന പോൾക്ക ഡോട്ട് വസ്ത്രവും നീല മുടിയും റിബണും ധരിച്ച അമൂൽ പെൺകുട്ടി ബാങ്കിലേക്ക് പ്രവേശിക്കുന്നതാണ് പരസ്യ ചിത്രം. രണ്ടു സെക്യൂരിറ്റി ജീവനക്കാർ ഒരുമിച്ചാണ് അമൂൽ പെൺകുട്ടിക്ക് വാതിൽ തുറന്നു നൽകുന്നത്. ഇത് ബാങ്കുകളുടെ ലയനത്തെ സൂചിപ്പിക്കുന്നു. കൂടാതെ HDFC എന്ന അക്ഷരങ്ങൾ എടുത്തുകാണിച്ചുകൊണ്ട് "ഹമാര ഡെയ്‌ലി ഫുഡ് കോഴ്‌സ്" എന്ന പരസ്യ വാചകവും അമൂൽ നൽകിയിട്ടുണ്ട്.
സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള അമുല്‍ പെണ്‍കുട്ടിയുടെ പരസ്യങ്ങള്‍ സമീപകാലങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റി. സില്‍വെസ്റ്റര്‍ ഡാ കുന്‍ഹയുടെ ഉടമസ്ഥതയിലുള്ള അഡ്വര്‍ടൈസിങ് ഏജന്‍സിക്ക് 1966 ല്‍ അമുലിന്‍റെ പരസ്യക്കരാര്‍ ലഭിച്ചതോടെയാണ് അമുല്‍ ബേബി പിറന്നത്. ‘അട്ടേര്‍ലി ബട്ടര്‍ലി ഡെലീഷ്യസ് അമൂല്‍’ എന്ന ടാഗ് ലൈനില്‍ പോള്‍ക്ക കുത്തുകളുള്ള ഉടുപ്പ് അണിഞ്ഞ അമൂൽ പെൺകുട്ടി വളരെ വേഗം ജനശ്രദ്ധ ആകർഷിച്ചു. പതിറ്റാണ്ടുകളായി അമൂലിന്റെ ചിഹ്നമായ പെൺകുട്ടി പ്രധാനപ്പെട്ട പല വിഷയങ്ങളിലും പരസ്യ വാചകങ്ങൾക്കൊപ്പം എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓസ്‌കാറിൽ വിൽ സ്മിത്ത്-ക്രിസ് റോക്ക് പ്രശ്‌നത്തിലും അമൂൽ വേറിട്ട പരസ്യവുമായി എത്തിയിരുന്നു. ഒരു മാസം റഷ്യ-ഉക്രെയ്ൻ വിഷയത്തിലും നിലപാടുമായി അമൂൽ രംഗത്തുണ്ടായിരുന്നു.
