Asianet News MalayalamAsianet News Malayalam

പുതിയ ബജറ്റ് എയര്‍ലൈന് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി; പ്രവാസികള്‍ക്ക് പുതിയ പ്രതീക്ഷ

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന ആകാശ എയര്‍ അധികൃതരുടെ വാക്കുകള്‍ പ്രവാസികള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ്.

new budget airline in india gets government approval for international services new hope afe
Author
First Published Sep 20, 2023, 9:21 PM IST

ന്യുഡല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുന്ന ബജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയമാണ് കമ്പനിക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.

മിഡില്‍ ഈസ്റ്റ് നഗരങ്ങള്‍ക്ക് പുറമെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആകാശ എയര്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആകാശയെ ഇന്റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അംഗീകരിച്ചുവെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബൈ ബുധനാഴ്ച അറിയിച്ചു. 

"അന്താരാഷ്ട്ര തലത്തില്‍ പറക്കാന്‍ പുതിയ അംഗീകാരം ഞങ്ങളെ അനുവദിക്കും, ഈ വര്‍ഷം ഡിസംബറിന് മുമ്പ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുകയെന്ന സ്വപ്നത്തിലേക്ക് ഞങ്ങളെ ഒരു പടി കൂടി അടുപ്പിക്കുന്ന കാര്യമാണിത്". നിലവില്‍ ട്രാഫിക് റൈറ്റുകള്‍ക്ക് വേണ്ടി ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ നല്‍കി അതിന്റെ ന‍ടപടികളുമായി ഇപ്പോള്‍ കമ്പനി മുന്നോട്ടുപോവുകയാണെന്നും അധികം വൈകാതെ തന്നെ സര്‍വീസുകള്‍ ആരംഭിക്കാന്‍ പോകുന്ന സെക്ടറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും സിഇഒ വിനയ് ദുബൈ അറിയിച്ചു.

Read also: യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 128.64 കോടി രൂപ; വെളിപ്പെടുത്തി വ്യോമയാന അധികൃതര്‍

ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ നിന്ന് മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചനകള്‍ നല്‍കി. ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആകാശ എയര്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവെച്ചു പോയതിനെ തുടര്‍ന്ന് മറ്റൊരു പ്രതിസന്ധിയും ആകാശ എയര്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. നിരവധി പൈലറ്റുമാര്‍ മുന്നറിയിപ്പുകളില്ലാതെ കമ്പനി വിട്ടതുവഴി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നുവെന്നും അത് സംബന്ധമായ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വിനയ് ദുബൈ പറഞ്ഞു. തൊഴില്‍ കരാര്‍ അനുസരിച്ചുള്ള നോട്ടീസ് പീരിഡ് നല്‍കാതെയാണ് പൈലറ്റുമാര്‍ കമ്പനി വിട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നോട്ടീസ് പീരിഡ് പൂര്‍ത്തിയാക്കാതെ കമ്പനി വിട്ട പൈലറ്റുമാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആകാശ എയര്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios