ദില്ലി: ഇന്ധനവില ദിവസവും മാറാൻ തുടങ്ങിയതോടെ വില എത്രയെന്ന് ചിന്തിക്കുന്ന പതിവ് പോലും പല ഉപഭോക്താക്കളും മറന്നിരിക്കുകയാണ്. റീഫില്ലിംഗ് സ്റ്റേഷനിൽ പോയി പണം നൽകി പെട്രോളും ഡീസലും നിറയ്ക്കുകയല്ലാതെ എത്രയാണ് വിലയെന്ന് പലരും ചോദിക്കാറില്ല. പക്ഷെ ഇന്ധനവില അറിയാൻ ഒരു എളുപ്പവഴി എന്താണെന്ന് ചിന്തിക്കാത്തവരും കുറവായിരിക്കില്ല. ദിനംപ്രതി മാറി വരുന്ന ഇന്ധനവില അറിയുന്നതിന് പുതിയ സേവനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.

ഉപഭോക്താക്കൾക്ക് ഏറെ ​ഗുണകരമാകുന്ന ഈ സേവനം ലഭ‌്യമാകണമെങ്കിൽ ചില നിബന്ധനകൾ ബാധകമാണ്. ഇന്ധനവില അറിയണമെങ്കിൽ നിശ്ചിത ഫോർമാറ്റിൽ ഉപഭോക്താവ് എസ്എംഎസ് അയക്കണ്ടതുണ്ട്. രാജ്യത്തെ ചില പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാനാണ് എസ്എംഎസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലീഷിൽ 'RSP' എന്ന് ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇട്ട് പെട്രോൾ പമ്പ് ഡീലറുടെ കോഡ് അടിച്ച ശേഷം '9224992249' എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഉദാഹരണത്തിന് 'RSP 124923' എന്ന് എസ്എംഎസ് അയച്ചാൽ തിരുവനന്തപുരത്തെ വില അറിയാനാവും. ഇതല്ലാതെയും വില അറിയാൻ മാർഗ്ഗങ്ങളുണ്ട്.

പ്ലേ സ്റ്റോറിലോ, ആപ്പിൾ ഫോണിലെ ആപ് സ്റ്റോറിൽ നിന്നോ Fuel@IOC എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതിൽ നിങ്ങൾക്ക് ഇന്ധനം നിറയ്ക്കേണ്ട പമ്പിന്റെ വിവരം രേഖപ്പെടുത്തിയാൽ വില അറിയാനാവും. പമ്പ് ലൊക്കേറ്റർ ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്ന് നേരിട്ടും വില അറിയാനാവും.