ന്യൂയോർക്ക്: ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ ആദ്യമായി നിർമ്മല സീതാരാമനും. ഫോർബ്സ് പുറത്തുവിട്ട നൂറ് പേരുടെ പട്ടികയിലാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ കന്നിക്കുതിപ്പ്.

ലോകത്ത് 2019 ലെ ഏറ്റവും ശക്തരായ വനിതകളിൽ ഒന്നാം സ്ഥാനക്കാരി ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കലാണ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെയാണ് രണ്ടാമത്. അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയാണ് മൂന്നാം സ്ഥാനത്ത്. പട്ടികയിൽ ഇന്ത്യൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ 34 -ാം സ്ഥാനത്താണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 29 -ാം സ്ഥാനത്തുണ്ട്.

എച്ച്സിഎല്ലിന്റെ സിഇഒ ആയ നദാർ മൽഹോത്ര പട്ടികയിൽ 54-ാം സ്ഥാനം നേടി. കമ്പനിയെ 8.9 ബില്യൺ ഡോളർ വലിപ്പമുള്ള കമ്പനിയാക്കിയെന്നതാണ് അവരെ ഈ നേട്ടത്തിന് അർഹയാക്കിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാർമസ്യൂട്ടിക്കൽ കമ്പനി ബയോകോണിന്റെ സ്ഥാപകയും സ്വപ്രയത്നത്തിലൂട രാജ്യത്തെ ധനികരിലൊരാളായി മാറുകയും ചെയ്ത കിരൺ മസുംദാർ ഷാ പട്ടികയിൽ 65 -ാം സ്ഥാനത്തുണ്ട്.

ബിൽ ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷൻ സഹ ചെയർപേഴ്സൺ മെലിന്റ ഗേറ്റ്സ് ആറാം സ്ഥാനത്താണ്. ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബർഗ് 18 -ാം സ്ഥാനത്തും ഇവാൻക ട്രംപ് 42-മതുമാണ്. സെറീന വില്യംസിന് 81-ാം സ്ഥാനത്തുണ്ട്.