ഇന്ത്യൻ രൂപ ഐസിയുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയോ എന്ന് കോൺഗ്രസ് എംപി. വളർച്ചയിൽ അസൂയയെന്ന് കേന്ദ്ര ധനമന്ത്രി. വാക്‌പോര് മുറുകുന്നു
ദില്ലി: രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
ഇന്ത്യൻ കറൻസി ദിനംപ്രതി ദുർബലമാവുകയും ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിന് എതിരെ 83 രൂപയിലെത്തുകയും ചെയ്തത് സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന കോൺഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിർമ്മല സീതാരാമൻ. “ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്, പക്ഷേ പ്രതിപക്ഷം ഇതിൽ പ്രശ്നം കണ്ടെത്തുന്നു. ഇന്ത്യയുടെ വളർച്ചയിൽ എല്ലാവരും അഭിമാനിക്കണം, എന്നാൽ ചിലർ ഇത് തമാശയായി കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിനെ ലക്ഷ്യമിട്ട് 2013ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ഉദ്ധരിച്ച് അനുമുല രേവന്ത് റെഡ്ഡി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
“ഇന്ന് രൂപ ഐസിയുവിലാണ്. എന്തുകൊണ്ടാണ് തമിഴർ ഇയാളെ ഡൽഹിയിലേക്ക് അയച്ചതെന്ന് എനിക്കറിയില്ല,” 2013 ഒക്ടോബറിൽ അന്നത്തെ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പരിഹസിച്ച് മോദി ചെയ്ത ട്വീറ്റ് ആണിത്. ഇതിനെ ചൂണ്ടിക്കാട്ടി രൂപ ഐസിയുവിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാൻ എന്തെങ്കിലും കർമ്മ പദ്ധതിയുണ്ടോയെന്ന് റെഡ്ഡി ചോദിച്ചു.
എല്ലാ കറൻസികൾക്കുമെതിരെ ഇന്ത്യൻ രൂപ ശക്തമായിട്ടുണ്ടെന്നും ഡോളർ-രൂപയുടെ ചാഞ്ചാട്ടം അധികമാകാതിരിക്കാൻ വിപണിയിൽ വിദേശനാണ്യ ശേഖരം റിസർവ് ബാങ്ക് ഉപയോഗിച്ചു എന്നും നിർമ്മല സീതാരാമൻ മറുപടി പറഞ്ഞു.
ആഭ്യന്തര ഇക്വിറ്റികളിലെ കനത്ത വിൽപന സമ്മർദ്ദവും വിദേശ വിപണിയിലെ ശക്തമായ ഗ്രീൻബാക്കും നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിച്ചതിനാൽ തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 35 പൈസ ഇടിഞ്ഞ് 82.63 ആയി. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ആഭ്യന്തര യൂണിറ്റ് ഡോളറിനെതിരെ 82.54 ൽ ദുർബലമായി ആരംഭിച്ചു,
