ദില്ലി: സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ രാജ്യത്ത് പട്ടിണി പെരുകുന്നെന്ന സൂചന നല്‍കി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ (എന്‍എസ്ഒ) റിപ്പോര്‍ട്ട്. ഉപഭോക്തൃ ചെലവ് നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണിപ്പോള്‍. ഒരാള്‍ പ്രതിമാസം ചെലവഴിക്കുന്ന തുകയിലുണ്ടായ ഇടിവ് നാല് ശതമാനത്തിനടുത്ത്. ജൂലൈ 2017 നും 2018 ജൂണിനും ഇടയിൽ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ  ഉപഭോഗ ചെലവ് സർവേയുടെ അടിസ്ഥാനത്തിലുളള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  

2017-18ൽ ഗ്രാമങ്ങളിലെ ഉപഭോക്തൃ ചെലവ് 8.8 ശതമാനം ഇടിയുകയും നഗരങ്ങളിൽ ആറ് വർഷത്തിനിടെ ഇത് രണ്ട് ശതമാനവും വർധിച്ചതായി റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ഉപഭോഗച്ചെലവിലെ ഇടിവ്, ഗ്രാമീണ വിപണിയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ദാരിദ്ര്യത്തിന്റെ വ്യാപനവും സമ്പദ്‌വ്യവസ്ഥയിലെ കുറഞ്ഞ ഡിമാൻഡിനെ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിലെ ഉപഭോഗം കുറയുന്നത് പട്ടിണി വര്‍ധിക്കുന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എൻ‌എസ്‌ഒ നടത്തിയ സർവേയ്ക്ക് ശേഷമുള്ള റിപ്പോർട്ട് 2019 ജൂണിൽ പുറത്തിറങ്ങേണ്ടതായിരുന്നുവെങ്കിലും പ്രതികൂലമായ കണ്ടെത്തലുകൾ കാരണം ഇത് തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ബിസിനസ് സ്റ്റാൻഡേർഡ് വ്യക്തമാക്കി.

സർവേ നടത്തിയ കാലയളവ് ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്ന സമയത്തായിരുന്നു.