ദേശീയ പെൻഷൻ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ചികിത്സക്കായി പണം പിൻവലിക്കാൻ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റേയും അപേക്ഷയുടേയും അടിസ്ഥാനത്തിലാവും പണം പിന്‍വലിക്കാന്‍ സാധിക്കുക. റിട്ടയര്‍മെന്‍റ് ഫണ്ടുകളില്‍ രാജ്യത്ത് എറെ ജനകീയമാണ് എന്‍പിഎസ്. 18 വയസുമുതല്‍ 60 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ പണം നിക്ഷേപിക്കാം.

സ്വകാര്യ ബാങ്കുകള്‍ടക്കം രാജ്യത്തെ എല്ലാ ബാങ്കുകളിലൂടെയും ഈ പദ്ധതിയില്‍ അംഗമാകാം. നേരത്തെ കോവിഡ് മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പദ്ധതിയില്‍ അംഗമായി മൂന്നുവര്‍ഷം പിന്നിട്ട ഉപഭോക്താവിന് എന്‍പിഎസില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കാന്‍ അനുമതി നല്‍കിയിരുന്നു. നിക്ഷേപിച്ച തുകയുടെ 25 ശതമാനംത്തില്‍ കുറയാത്ത തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നത്.

ഈ ഭാഗിക പിന്‍വലിക്കലിനെ ടാക്സില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സാധാരണ ഗതിയില്‍  മൂന്ന് തവണയാണ് ഇത്തരം ഭാഗിക പിന്‍വലിക്കലിന് അനുമതിയുള്ളത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം, വീട് വാങ്ങല്‍, ഗുരുതരമായ രോഗം എന്നീ സാഹചര്യങ്ങളിലാണ് ഇത്.