ദില്ലി:  57 ബില്യൺ ഡോളർ വലിപ്പമുള്ള ഇന്ത്യയിലെ  വാഹന അനുബന്ധ ഉപകരണ വ്യവസായ മേഖലയിൽ 50 ലക്ഷം പേർ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് ഏകദേശ അനുമാനം. ഈ മേഖലയുടെ മൊത്ത അഭ്യന്തര ഉത്പാദനത്തിലേക്കുള്ള സംഭാവന 2.3 ശതമാനം വരും എന്നാണ് കണക്ക്. എന്നാൽ നടപ്പുസാമ്പത്തിക വർഷത്തെ കണക്കെടുത്തപ്പോൾ ആദ്യ ആറ് മാസത്തിൽ വരുമാനത്തിൽ 10.1 ശതമാനം കുറവ് ഈ മേഖലയില്‍ സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. 1.79 ലക്ഷം കോടി മാത്രമാണ് ഈ പാദങ്ങളില്‍ ഓട്ടോമൊബൈല്‍ മേഖലയുടെ വരുമാനം.

ഇത് രാജ്യത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി എന്നാണ് ബിസിനസ് സ്റ്റാന്‍റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഹന നിർമ്മാണം 13 ശതമാനമാണ് ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസത്തിൽ ഇടിഞ്ഞത്. വാഹന നിർമ്മാണത്തിനുള്ള ഇതര സാമഗ്രികൾ നിർമ്മിക്കുന്ന വ്യവസായ മേഖലയിൽ 15 ശതമാനമാണ് ഉൽപ്പാദനം ഇടിഞ്ഞത്. കയറ്റുമതി 2.7 ശതമാനം കൂടി. എന്നാല്‍ ആഭ്യനന്തര മാര്‍ക്കറ്റില്‍ വാഹന വില്‍പ്പന താഴോട്ട് പോയതിനാലുണ്ടായ നഷ്ടം നികത്താന്‍ ഈ വളര്‍ച്ച വലിയ ഗുണം ചെയ്തില്ലെന്നാണ് വ്യാവസായികളുടെ സംഘടനയുടെ കണക്കുകള്‍ തന്നെ പറയുന്നത്.

തൊഴിൽ നഷ്ടപ്പെട്ടവരിൽ അധികവും താത്കാലിക ജീവനക്കാരാണ്. വ്യവസായ മേഖല പുഷ്ടിപ്പെടുകയാണെങ്കിൽ പിരിച്ചുവിട്ടവരെക്കാൾ വളരെയേറെ പേരെ ജോലിക്കെടുക്കുമെന്നാണ് ഓട്ടോമോട്ടീവ് കോംപണന്‍റ് മാനുഫാക്ചറേർസ് അസോസിയേഷൻ പ്രസിഡന്റ് ദീപക് ജയിൻ അറിയിച്ചിരിക്കുന്നത്.

2013-14 കാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചടി നേരിട്ട കാലത്തും ഉൽപ്പാദനത്തിലും വരുമാനത്തിലും വെറും രണ്ട് ശതമാനത്തിന്റെ കുറവ് മാത്രം
രേഖപ്പെടുത്തിയ മേഖലയിൽ ഇക്കുറി ഉണ്ടായത് കനത്ത തിരിച്ചടിയാണ്. എന്നാല്‍ ഈ സ്ഥിതിയില്‍ കാര്യമായ പുരോഗതി സമീപ പാദത്തില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വാഹന അനുബന്ധ ഉപകരണ വ്യവസായികള്‍ക്ക് സംശയമുണ്ട്.