ദില്ലി: മികച്ച സേവനത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ 11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകാൻ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷം, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ പ്രഖ്യാപനം നടത്തിയത്. കൃത്യമായി പറഞ്ഞാൽ 11.52 ലക്ഷം റെയിൽവേ ജീവനക്കാർക്കാണ് ഈ നേട്ടം ലഭിക്കുക. റെയിൽവേ ജീവനക്കാർക്ക് മികച്ച പ്രോത്സാഹനമാകും ഈ നീക്കമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. 

ബോണസ് നൽകുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന ചെലവ് 2024.40 കോടി രൂപയാണ്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം, ഇത് തുടർച്ചയായ ആറാം വ‌ർഷമാണ് റെയിൽജീവനക്കാർക്ക് തുടർച്ചയായി ബോണസ് നൽകുന്നതെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു. 

ഇപ്പോൾ പ്രഖ്യാപിച്ച ബോണസ്, നോൺ-ഗസറ്റഡ് റെയിൽവേ ഉദ്യോഗസ്ഥർക്കാണ് ലഭിക്കുക. എന്നാൽ റെയിൽവേ സംരക്ഷണ സേനയുടെയോ (ആർപിഎഫ്), റെയിൽവേ സ്പെഷ്യൽ സംരക്ഷണ സേനയുടെയോ (ആർപിഎസ്എഫ്) ഉദ്യോഗസ്ഥർക്ക് ഈ ബോണസ് ലഭിക്കില്ല. 

റെയിൽവേ സേവനങ്ങളുടെ നിലവാരം കഴിഞ്ഞ വർഷം നന്നായി മെച്ചപ്പെട്ടെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത് റെയിൽവേയുടെ മികച്ച പ്രവർത്തനത്തിന് വഴിവച്ചു. ജീവനക്കാരുടെ സേവനനിലവാരം ഉയർത്താനാണ് ഈ ബോണസ് നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.