പോളിമർ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പുതിയ കറൻസി നോട്ടുകൾ പരീക്ഷിക്കാൻ പാകിസ്ഥാൻ; ലക്ഷ്യം ഇതോ...
ഡിസംബറോടെ നിലവിലുള്ള എല്ലാ പേപ്പർ കറൻസി നോട്ടുകളും പുതിയ സുരക്ഷാ ഫീച്ചറുകളോടെ പുനർരൂപകൽപ്പന ചെയ്യുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ
ദില്ലി: പുതിയ പോളിമർ പ്ലാസ്റ്റിക് കറൻസി നോട്ട് പരീക്ഷിക്കാൻ പാകിസ്ഥാൻ. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിലുള്ള എല്ലാ നോട്ടുകളും പുനർരൂപകൽപ്പന ചെയ്ത്, ഹോളോഗ്രാം ഫീച്ചറുകൾ ഉൾപ്പെടുത്തി ഈ വർഷാവസാനം പുതിയ പോളിമർ പ്ലാസ്റ്റിക് കറൻസി നോട്ട് പുറത്തിറക്കാൻ ആണ് പാകിസ്ഥാൻ സെൻട്രൽ ബാങ്ക് പദ്ധതിയിടുന്നത്.
ഡിസംബറോടെ നിലവിലുള്ള എല്ലാ പേപ്പർ കറൻസി നോട്ടുകളും പുതിയ സുരക്ഷാ ഫീച്ചറുകളോടെ പുനർരൂപകൽപ്പന ചെയ്യുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ ഗവർണർ ജമീൽ അഹമ്മദ് ഇസ്ലാമാബാദിലെ ബാങ്കിംഗ്, ഫിനാൻസ് സെനറ്റ് കമ്മിറ്റിയെ അറിയിച്ചു. 10, 50, 100, 500, 1000, 5000 എന്നീ മൂല്യങ്ങളിലുള്ള പുതുതായി രൂപകല്പന ചെയ്ത നോട്ടുകൾ ഡിസംബറിൽ പുറത്തിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് വർഷത്തിന് ശേഷം പഴയ നോട്ടുകൾ വിപണിയിൽ നിന്ന് ഒഴിവാക്കുമെന്ന് സമിതിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതുവരെ അവ പ്രചാരത്തിൽ തുടരണം. പൊതുജനങ്ങൾക്കായി എല്ലാ മൂല്യങ്ങളിലുമുള്ള നോട്ടുകൾ ഒരുമിച്ച് പുറത്തിറക്കില്ലെന്നും നല്ല സ്വീകാര്യത ലഭിക്കുകയാണെങ്കിൽ, മറ്റ് മൂല്യങ്ങളിൽ പ്ലാസ്റ്റിക് കറൻസി ഇറാക്കാനുമാണ് പദ്ധതി.
നിലവിൽ, ഏകദേശം 40 രാജ്യങ്ങൾ പോളിമർ പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്, കാരണം പോളിമർ പ്ലാസ്റ്റിക് നോട്ടുകൾ വ്യാജമായി നിർമ്മിക്കാൻ പ്രയാസമാണ്, കൂടാതെ ഹോളോഗ്രാമുകളും സീ-ത്രൂ വിൻഡോകളും പോലുള്ള വിപുലമായ സുരക്ഷാ ഘടകങ്ങളും ഇതിലുണ്ടാകും. 1998-ൽ ഓസ്‌ട്രേലിയയാണ് പോളിമർ ബാങ്ക് നോട്ടുകൾ ആദ്യമായിഅവതരിപ്പിച്ചത്.