പിഐഎ വാങ്ങുന്ന കമ്പനിക്ക് 65 മുതല്‍ 70 ബില്യണ്‍ പാക്ക് രൂപ വരെ നിക്ഷേപിക്കേണ്ടിവരും. സ്വകാര്യവൽക്കരണത്തിന് ശേഷം എയർലൈനിന്റെ പേര് മാറ്റില്ല.  

സാമ്പത്തിക നഷ്ടം നേരിട്ടിരുന്ന എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചതിന് സമാനമായ രീതിയില്‍ പാക്കിസ്ഥാന്‍ അവരുടെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തിയാകുമെന്ന് പാക്കിസ്ഥാന്‍ സ്വകാര്യവല്‍ക്കരണ കമ്മീഷന്‍ സെക്രട്ടറി വ്യക്തമാക്കി. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) കരാര്‍ പ്രകാരം പിഐഎ ഉള്‍പ്പെടെയുള്ള നഷ്ടത്തിലായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ നവീകരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. 2016 അവസാനത്തോടെ, 3 ബില്യണ്‍ ഡോളര്‍ കടത്തില്‍ ആയിരുന്നു പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. 2018 അവസാനത്തോടെ, കടബാധ്യത 3.3 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.

ഫ്ളൈ ജിന്ന, എയര്‍ ബ്ലൂ, ആരിഫ് ഹബീബ് കോര്‍പ്പറേഷന്‍, വൈബി ഹോള്‍ഡിംഗ്സ്, പാക്ക് എത്തനോള്‍, ബ്ലൂ വേള്‍ഡ് സിറ്റി. എന്നിവ ഉള്‍പ്പെടുന്ന ആറ് കമ്പനികളാണ് ദേശീയ വിമാനക്കമ്പനി സ്വന്തമാക്കുന്നതിന് രംഗത്തുള്ളത്. പിഐഎ വാങ്ങുന്ന കമ്പനിക്ക് 65 മുതല്‍ 70 ബില്യണ്‍ പാക്ക് രൂപ വരെ നിക്ഷേപിക്കേണ്ടിവരും. സ്വകാര്യവൽക്കരണത്തിന് ശേഷം എയർലൈനിന്റെ പേര് മാറ്റില്ല. പുതിയ നിക്ഷേപകര്‍ക്ക് ക്യാബിന്‍ ക്രൂ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാഫ് എന്നിവരെ നിയമിക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ പിഐഎയില്‍ ജോലി ചെയ്യു്ന്നവരെ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് നിലനിര്‍ത്തും. ദേശീയ വിമാനക്കമ്പനി വാങ്ങുന്ന കമ്പനി ബിസിനസ് പ്ലാന്‍ പ്രകാരം പുതിയ വിമാനങ്ങള്‍ വാങ്ങി സര്‍വീസ് വിപുലീകരിക്കണം. പിഐഎയിലെ 17,000 വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ സര്‍ക്കാര്‍ തുടര്‍ന്നും നല്‍കും. 35 ബില്യണ്‍ പാക്ക് രൂപ വരും ഈ തുക. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ മാത്രമേ സര്‍ക്കാര്‍ നല്‍കൂ. പിഐഎയില്‍ നിലവില്‍ 7360 ജീവനക്കാരുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ പെന്‍ഷന്‍ കമ്പനി വാങ്ങുന്ന സംരംഭകര്‍ നല്‍കേണ്ടിവരും.