ദില്ലി: ഏഷ്യൻ രാജ്യങ്ങൾ മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറ് വർഷത്തെ ഏറ്റവും മോശം പ്രകടനമാവും നടത്തുകയെന്ന് എഡിബി. ഏഷ്യാ-പസഫിക് മേഖലയിലെ 45 രാജ്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിലാണ് എഡിബി(ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്) ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരുടെ സംയോജിത വളർച്ച 0.1 ശതമാനമായിരിക്കുമെന്ന് എഡിബി കണക്കാക്കുന്നു.

ഇത് 1961 ന് ശേഷമുള്ള ഏറ്റവും മോശം വളർച്ചാ നിരക്കായിരിക്കും. അടുത്ത വർഷം 6.2 ശതമാനം വളർച്ച നേടാനാകുമെന്നും ഇവർ കണക്കാക്കുന്നു. ഏപ്രിലിൽ ഈ രാജ്യങ്ങൾ 2.2 ശതമാനം സംയോജിത വളർച്ച രേഖപ്പെടുത്തുമെന്ന റിപ്പോർട്ടാണ് എഡിബി പുറത്തുവിട്ടത്.

ചൈനയുടെ വളർച്ച 2.3 ശതമാനമാകുമെന്ന ഏപ്രിലിലെ റിപ്പോർട്ട് തിരുത്തി. 1.8 ശതമാനമേ വളർച്ചയുണ്ടാകൂ എന്നാണ് ഇപ്പോൾ പറയുന്നത്. ഉപഭോഗത്തിലുള്ള ഇടിവും ഇന്ധന വിലയുടെ കുറവും ഏഷ്യൻ രാജ്യങ്ങളിൽ വിലക്കയറ്റ തോത് 3.2 ശതമാനത്തിൽ നിന്ന് 2.9 ശതമാനമാക്കി കുറയ്ക്കുമെന്നും റിപ്പോർട്ടിലുണ്ട്.