മുംബൈ: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ച അഭ്യർത്ഥനയിൽ വ്യാജഎസ്എംഎസുകളിലും ഇമെയിലുകളിലും വീഴരുതെന്ന് അദ്ദേഹം പറഞ്ഞു. "പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെവൈസി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള എസ്എംഎസുകളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണ്."-അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടൊപ്പം നിരവധി പേടിഎം ഉപഭോക്താക്കൾക്ക് ലഭിച്ച വ്യാജ എസ്എംഎസിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. "ഞങ്ങൾ നിങ്ങളുടെ പേടിഎം അക്കൗണ്ടിലെ പണം കുറച്ച് സമയത്തിനുള്ളിൽ ഹോൾഡ് ചെയ്യും-.... നിങ്ങളുടെ പേടിഎം കെവൈസി പൂർത്തിയാക്കൂ," എന്നാണ് ഇംഗ്ലീഷിൽ കിട്ടിയ സന്ദേശത്തിൽ പറയുന്നത്.

ഈ തരത്തിലുള്ളതോ, അല്ലെങ്കിൽ ഭാഗ്യക്കുറി വിജയിച്ചെന്ന പേരിലുള്ളതോ ആയ സന്ദേശങ്ങൾ ഉപഭോക്താക്കളുടെ വിവരങ്ങൾ തേടിയുള്ളതാണെന്നും ചതിക്കുഴിയിൽ വീഴരുതെന്നും ശർമ്മ പേടിഎം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി പേരാണ് കമ്പനിയുടെ സൈബർ സെല്ലിലും റിസർവ് ബാങ്ക് ഓംബുഡ്‌സ്മാനും പരാതി നൽകിയത്. പേടിഎം ജീവനക്കാരെന്ന വ്യാജേന നിരവധി പേരെയാണ് വ്യാജന്മാർ ചതിച്ചത്.

ഈ സന്ദേശങ്ങൾ കണ്ട് ആശങ്കയിലാകുന്ന ഉപഭോക്താക്കൾ, സന്ദേശത്തിൽ പറയുന്ന നമ്പറിലേക്ക് വിളിക്കും. കെവൈസി പൂർത്തീകരിക്കാൻ ഇവരാവശ്യപ്പെടുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തും. പിന്നാലെ പണവും നഷ്ടപ്പെടും. ഇതാണ് പതിവ്. ഇതിനൊരു മുന്നറിയിപ്പ് എന്ന നിലയിലാണ് ശർമ്മയുടെ ട്വീറ്റ്.