തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണവില്‍പ്പന രംഗത്ത് പുതിയ ട്രെന്‍റ് കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. വീട്ടില്‍ വെറുതെ വച്ചിരിക്കുന്ന സ്വര്‍ണ്ണം വിറ്റ് പണം വാങ്ങുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഹാള്‍മാര്‍ക്ക് മുദ്രയില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കുന്നത് കുറ്റകരമായതോടെ ജ്വല്ലറികളും ഉപഭോക്താക്കള്‍ക്ക് വേണ്ടി സ്വയം തയ്യാറെടുക്കേണ്ടതുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അറിയിച്ചിരുന്നു. നിലവിലുള്ള സ്റ്റോക്ക് വിറ്റ് തീര്‍ക്കാന്‍ 2021 ജനുവരി വരെ ജ്വല്ലറികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇതാണ് പ്രത്യേകമായി ഇപ്പോള്‍ ഉപയോക്താക്കള്‍ സ്വര്‍ണ്ണം വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്.

കേരളത്തിലെ ജ്വല്ലറികളിലെ സ്വര്‍ണ്ണ വ്യാപരത്തില്‍ 40 ശതമാനം പേര്‍ പഴയ സ്വര്‍ണ്ണം മാറ്റിയെടുക്കുന്നവരാണ്. ഇതില്‍ തന്നെ പഴയ സ്വര്‍ണ്ണം വിറ്റ് പണം വാങ്ങുന്നവര്‍ അഞ്ച് മുതല്‍ എട്ട് ശതമാനം വരെയായിരുന്നു. എന്നാല്‍ സമീപ ആഴ്ചകളില്‍ ഈ ശതമാനം കുത്തനെ വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  നിലവില്‍ സ്വര്‍ണ്ണം വിറ്റ് പണം വാങ്ങുന്നവരുടെ എണ്ണം 15 മുതല്‍ 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ഹാള്‍മാര്‍ക്ക് നയം അനുസരിച്ചാണ് സ്വര്‍ണ്ണം വില്‍ക്കാന്‍ ആളുകള്‍ എത്തുന്നതെങ്കിലും, കയ്യില്‍ ലിക്വിഡ് കറന്‍സിയുടെ കുറവ് ഉള്ളതിനാലാണ് ആളുകള്‍ പണം ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണ്ണത്തിന്‍റെ വിലയില്‍ അടിക്കടി വര്‍ദ്ധനവ് ഉണ്ടാകുന്നതും വില്‍പ്പന കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ 6000 രൂപയാണ് പവന് വര്‍ദ്ധിച്ചത്. അതിനാല്‍ തന്നെ ഇപ്പോള്‍ കിട്ടുന്ന ഉയര്‍ന്ന വിലയ്ക്ക് വെറുതെയിരിക്കുന്ന സ്വര്‍ണ്ണം വില്‍ക്കാനുള്ള പ്രേരണ ഉപയോക്താക്കള്‍ക്ക് കൂടുതലാണ്. ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വില എപ്പോഴും കുറയാം എന്ന ചിന്തയും ഉപയോക്താക്കളെ വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്.

അതിനൊപ്പം തന്നെ വീട്ടിലിരിക്കുന്ന സ്വര്‍ണ്ണത്തിന് കാര്യത്തില്‍ ചില കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ വരുന്നു എന്ന വാര്‍ത്ത അടുത്തിടെ പരന്നിരുന്നു. ഇത്തരം ആശങ്കകള്‍ വീട്ടിലെ സ്വര്‍ണ്ണം വിറ്റ് അത് കാശാക്കുവാനുള്ള പ്രേരണയാകുന്നുണ്ട്.