ദില്ലി: ലോക്ക്ഡൗൺ ഇളവുകൾക്കിട‌െ രാജ്യത്തെ പെ‌ട്രോൾ, ഡീസൽ നിരക്കിൽ വർധന. വിലയിൽ ഇന്ന് വീണ്ടും 60 പൈസ വീതം വർധിച്ചു. ഇന്നലെയും സമാനമായ വർധന റിപ്പോർട്ട് ചെയ്തിരുന്നു. 

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിനിടയാക്കിയത്. നിലവിൽ ബ്രെന്റ് ക്രൂഡിന് ബാരലിന് 42.77 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. 

കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല. മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി 10 രൂപയും ഡീസലിന് 13 രൂപയും വർധിച്ചതോടെയാണിത്. 

ദില്ലിയിൽ പെട്രോളിന് ലിറ്ററിന് 72.46 രൂപയാണ് നിരക്ക്, ഡീസലിന് 70.59 രൂപയും. വാണിജ്യ ന​ഗരമായ മുംബൈയിൽ പെട്രോളിന് 79.49 രൂപയും ഡീസലിന് 69.37 രൂപയുമാണ് നിരക്ക്. ബാം​ഗ്ലൂരിൽ പെ‌ട്രോളിന് ലിറ്ററിന് 74.79 രൂപയാണ് വില. ഡീസലിന് നിരക്ക് 67.11 രൂപയും. 

ചെന്നൈയിൽ പെ‌ട്രോൾ, ഡീസൽ നിരക്ക് ലിറ്ററിന് യഥാക്രമം 76.60 രൂപയും 69.25 രൂപയുമാണ്. കോഴിക്കോ‌ട് ഇന്നത്തെ ഇന്ധന നിരക്ക് യഥാക്രമം പെട്രോളിന് 72.92 രൂപയും ഡീസലിന് ലിറ്ററിന് 67.15 രൂപയുമാണ്.