ഗര്‍ഭനിരോധന ഉറകള്‍ , ഗര്‍ഭനിരോധന ഗുളികകള്‍, എന്നിവയ്‌ക്കെല്ലാം ഇനി ചൈനയില്‍ വില കൂടും.

രാജ്യം കടുത്ത ജനസംഖ്യാ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ വിചിത്രമായ നടപടികളുമായി ചൈന. പുതുവര്‍ഷം മുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് സര്‍ക്കാര്‍ 13 ശതമാനം നികുതി ഏര്‍പ്പെടുത്തി. അതേസമയം, കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാനായി ശിശുപരിചരണ സേവനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന 1994-ലെ 'ഒറ്റക്കുട്ടി നയം' പരിഷ്‌കരിച്ചുകൊണ്ടാണ് പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കുന്നത്. ഗര്‍ഭനിരോധന ഉറകള്‍ , ഗര്‍ഭനിരോധന ഗുളികകള്‍, എന്നിവയ്‌ക്കെല്ലാം ഇനി ചൈനയില്‍ വില കൂടും. വിവാഹവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വയോജന പരിചരണത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്.

ജനസംഖ്യ ഇടിയുന്നു; ആശങ്കയില്‍ ചൈന

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ചൈനയിലെ ജനസംഖ്യ കുറയുന്നതായാണ് കണക്കുകള്‍. 2024-ല്‍ ആകെ 95.4 ലക്ഷം കുട്ടികള്‍ മാത്രമാണ് ചൈനയില്‍ ജനിച്ചത്. പത്ത് വര്‍ഷം മുമ്പ് ജനിച്ച കുട്ടികളുടെ എണ്ണത്തിന്റെ പകുതി മാത്രമാണിത്. ജനസംഖ്യയിലെ ഭൂരിഭാഗവും വാര്‍ധക്യത്തിലേക്ക് നീങ്ങുന്നതും യുവാക്കള്‍ വിവാഹം കഴിക്കാന്‍ മടിക്കുന്നതും ചൈനയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയിലാണ് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്.

പ്രതിഷേധവുമായി ജനങ്ങള്‍

ഗര്‍ഭനിരോധന ഉറകള്‍ക്ക് നികുതി കൂട്ടിയത് കുഞ്ഞുങ്ങളുണ്ടാകാന്‍ ആരെയും പ്രേരിപ്പിക്കില്ലെന്നും മറിച്ച് എച്ച്.ഐ.വി പോലുള്ള രോഗങ്ങള്‍ പടരാനും അനാവശ്യ ഗര്‍ഭധാരണങ്ങള്‍ക്കും മാത്രമേ ഉപകരിക്കൂ എന്നും ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നു. കുട്ടികളെ വളര്‍ത്താന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. വിദ്യാഭ്യാസത്തിനുള്ള ഭാരിച്ച ചെലവും ജോലിയും കുട്ടികളെ വളര്‍ത്തലും ഒന്നിച്ച് കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുമാണ് യുവാക്കളെ പിന്തിരിപ്പിക്കുന്നത്.

സര്‍ക്കാര്‍ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നു?

ജനനനിരക്ക് കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതായും ആക്ഷേപമുണ്ട്. പല പ്രവിശ്യകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യുവതികളെ നേരിട്ട് വിളിച്ച് അവരുടെ ആര്‍ത്തവചക്രത്തെക്കുറിച്ചും കുട്ടികളുണ്ടാകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ എന്നും ചോദിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചിരിക്കുകയാണ് . രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി കണ്ടെത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ പുതിയ നികുതികള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും കടബാധ്യതയും കാരണം സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ചൈനയുടെ ആകെ നികുതി വരുമാനത്തിന്റെ 40 ശതമാനവും വാറ്റ് നികുതിയില്‍ നിന്നാണ് ലഭിക്കുന്നത്.