ദില്ലി: സെപ്തംബറിൽ പെട്രോൾ വിൽപ്പനയിൽ വർധനവ് രേഖപ്പെടുത്തിയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കൊവിഡിനെ തുടർന്ന് സാഹചര്യം മോശമായിരുന്നു. ഇളവുകളെ തുടർന്ന് സ്വകാര്യ വാഹനങ്ങൾ വൻതോതിൽ നിരത്തിലിറങ്ങിയതാണ് വിപണിക്ക് നേട്ടമായത്.

സെപ്തംബറിലെ ആദ്യ രണ്ടാഴ്ചയിൽ മുൻ മാസത്തെ അപേക്ഷിച്ച് 22 ശതമാനം വളർച്ച ഡീസൽ വിൽപ്പനയിൽ നേടിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം പെട്രോൾ വിൽപ്പനയിൽ മുൻ മാസത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വർധനവും മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. 

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ എസ്എം വൈദ്യയാണ് ഇക്കാര്യം പറഞ്ഞത്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 70 ശതമാനം ശേഷിയിലാണ് ഐഒസിയുടെ റിഫൈനറികൾ പ്രവർത്തിച്ചത്. ജൂലൈ ആദ്യവാരത്തിൽ 93 ശതമാനം ഉൽപ്പാദന ശേഷി കൈവരിച്ചിരുന്നെങ്കിലും പിന്നീടത് 75 ശതമാനത്തിലേക്ക് താഴ്ത്തി. ഇതിൽ സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ചയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്.