Asianet News MalayalamAsianet News Malayalam

പൂട്ടുമോ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ്; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒക്ടോബര്‍ 13ന് ശേഷം 537 ഫ്ളൈറ്റുകളാണ് പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് റദ്ദാക്കിയത്. കറാച്ചി, ലഹോര്‍, ഇസ്ലാമാബാദ്, ക്വറ്റ, മുള്‍ട്ടാന്‍, പെഷവാര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നൊന്നും അന്താരാഷ്ട്ര സര്‍വീസുകളോ, ആഭ്യന്തര സര്‍വീസുകളോ കമ്പനി നടത്തുന്നില്ല.

PIA is facing its worst crisis in history as Pakistan State Oil cut its fuel supply APK
Author
First Published Oct 28, 2023, 1:38 PM IST | Last Updated Oct 28, 2023, 1:38 PM IST

വിമാന ഇന്ധനം ലഭിക്കാതായതോടെ കടുത്ത പ്രതിസന്ധിയിലായി പാകിസ്ഥാന്‍റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ്. ഇന്ധനം നല്‍കിയ വകയില്‍ വന്‍തോതില്‍ പണം കുടിശികയായതോടെ പാകിസ്ഥാന്‍ സ്റ്റേറ്റ് ഓയില്‍ വിമാന കമ്പനിക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതോടെ ഒക്ടോബര്‍ 13ന് ശേഷം 537 ഫ്ളൈറ്റുകളാണ് പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് റദ്ദാക്കിയത്. കറാച്ചി, ലഹോര്‍, ഇസ്ലാമാബാദ്, ക്വറ്റ, മുള്‍ട്ടാന്‍, പെഷവാര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നൊന്നും അന്താരാഷ്ട്ര സര്‍വീസുകളോ, ആഭ്യന്തര സര്‍വീസുകളോ കമ്പനി നടത്തുന്നില്ല. കഴിഞ്ഞ ദിവസം ആകെ 10 ഫ്ളൈറ്റുകള്‍ക്ക് മാത്രമാണ് സര്‍വീസ് നടത്താനായത്. ഇതില്‍ ഒമ്പത് എണ്ണം അന്താരാഷ്ട്ര സര്‍വീസുകളായിരുന്നു. കാനഡ, തുര്‍ക്കി, ചൈന, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്. രണ്ട് ദിവസത്തെ ഇന്ധന വിതരണത്തിനായി കമ്പനി 7.89 ലക്ഷം ഡോളര്‍ പാകിസ്ഥാന്‍ സ്റ്റേറ്റ് ഓയിലിന് നല്‍കിയിട്ടുണ്ട്.

ALSO READ: മുഹൂര്‍ത്ത വ്യാപാരത്തിനുള്ള മുഹൂര്‍ത്തം കുറിച്ചു; ഇന്ത്യൻ ഓഹരി വിപണി ഒരുങ്ങുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കണമെന്ന് ഐഎംഎഫ് നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍വീസുകള്‍ മുടങ്ങിയിരിക്കുന്നത്. 

കമ്പനിക്ക് ആകെ 745 ബില്യണ്‍ പാക് രൂപയുടെ കടബാധ്യതകള്‍ ഉണ്ടെന്നാണ് കണക്ക്. ഇത് പിഐഎയുടെ ആകെ ആസ്തി മൂല്യത്തേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. ഇതേ സ്ഥിതിയില്‍ പോവുകയാണെങ്കില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനിയുടെ വാര്‍ഷിക നഷ്ടം 259 ബില്യണ്‍ രൂപയായി ഉയരുമെന്നാണ് കണക്കുക്കൂട്ടല്‍. കുടിശിക നല്‍കാത്തതിന്‍റെ പേരില്‍ പാക് വിമാനങ്ങള്‍ സൗദി പിടിച്ചുവയ്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ മലേഷ്യയും പാക് വിമാനം പിടിച്ചുവച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios