സ്വകാര്യ ചിട്ടിക്കമ്പനികളുടെ ചൂഷണങ്ങളിൽ നിന്നും വരിക്കാരെ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട കെ.എസ്.എഫ്.ഇ. അതിന്റെ സേവനങ്ങൾ പ്രവാസി ചിട്ടിയിലൂടെ ഇന്ത്യയിലാകെയുള്ള മലയാളികളിലേക്ക് വ്യാപിപ്പിക്കുന്നു. പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന 1969 ൽ സ്ഥാപിതമായ കെ.എസ്.എഫ്.ഇ. അൻപതാം വാർഷികം ആഘോഷിയ്ക്കുന്ന വേളയിലാണ് പ്രവാസി മലയാളികൾക്കായി പ്രസ്തുത സേവനം ലഭ്യമാക്കുന്നത്.

പൂർണ്ണമായും ഓൺലൈൻ ചിട്ടികൾ

2018 ജൂൺ മാസം 18-ആം തിയതി വിദേശ മലയാളികൾക്കായി രജിസ്‌ട്രേഷൻ ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി പൂർണ്ണമായും ഓൺലൈനിൽ പ്രവർത്തിക്കുന്നതാണ്. രജിസ്‌ട്രേഷൻ, ചിട്ടിയിൽ ചേരുന്നത്, ലേലം, ചിട്ടിത്തുക കൈപ്പറ്റുന്നത്, തവണകൾ അടക്കുന്നത് എന്നിവയെല്ലാം ഇതിനായി ഒരുക്കിയിരിക്കുന്ന വെബ്സൈറ്റും മൊബൈൽ അപ്പ്ലിക്കേഷനും വഴി ചെയ്യുവാൻ കഴിയും. ഇത് കൂടാതെ വാരികാർക്കുള്ള നിർദ്ദേശങ്ങൾ ഇമെയിൽ, എസ്.എം.എസ്., ഫോൺ കോൾ, ചാറ്റ് എന്നിവ വഴി നൽകുന്നതിനും സംശയനിവാരണത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററും ഒരുക്കിയിട്ടുണ്ട്.

ലളിതമാക്കിയ രജിസ്‌ട്രേഷൻ നടപടികൾ

ഇന്ത്യയിലുള്ള മലയാളികൾക്ക് ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി നൽകി രജിസ്‌ട്രേഷൻ നടപടികൾ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ എളുപ്പത്തിൽ പൂർത്തിയാക്കുവാൻ കഴിയും. നൽകുന്ന ഐഡി ക്ക് പുറമേ ഫോട്ടോ, താമസിക്കുന്ന സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ മേൽവിലാസം തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ നൽകിയാൽ കെ.വൈ.സി. പൂർത്തിയാക്കി ചിട്ടിയിൽ ചേരാവുന്നതാണ്. നിലവിൽ മാസം 2500 രൂപമുതൽ 100,000 രൂപവരെ വരിസംഖ്യയുള്ള 1 മുതൽ 30 ലക്ഷം വരെയുള്ള ചിട്ടികൾ ലഭ്യമാണ്. വരിക്കാരന്റെ ആവശ്യാനുസാരണം 25 മാസം മുതൽ 60 മാസം വരെ കാലാവധിയുള്ള ഏത് ചിട്ടിയിലും ചേരാവുന്നതാണ്.

പ്രവാസി ക്ഷേമവും നാടിന്റെ വികസനവും

കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് സുതാര്യവും സുരക്ഷിതവുമായ ഒരു നിക്ഷേപപദ്ധതി പ്രദാനം ചെയ്യുന്നതിനോടൊപ്പം ചിട്ടിയിൽ നിന്നുള്ള ഫ്ലോട്ട് ഫണ്ട്  കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി കിഫ്ബിയിൽ ബോണ്ടുകളായി നിക്ഷേപിക്കുന്നതിലൂടെ കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി വരിക്കാരെ നാട്ടിന്റെ വികസനത്തിൽ പങ്കാളിയാകുന്നു. അതായത് പ്രവാസികൾക്ക് യാതൊരു അധികബാധ്യതയും ഇല്ലാതെ തന്നെ നാടിന്റെ വികസനത്തിൽ കൈത്താങ്ങാകാൻ കഴിയുന്നു. ഇത് കൂടാതെ ചിട്ടി വരിക്കാർക്കാർ താൽപര്യപ്പെടുന്ന പക്ഷം അവരുടെ കേരള പ്രവാസി വെൽഫയർ ബോർഡിലെ പെൻഷന്റെ അംശാദായം കെ.എസ്.എഫ്.ഇ. അടച്ചു നൽകുന്നതും അല്ലെങ്കിൽ വാരിക്കാരന് ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപവരെയുള്ള മേൽബാധ്യത കെ.എസ്.എഫ്.ഇ. ഏറ്റെടുക്കുന്നതും ആണ്.

ഇതിനോടകം തന്നെ 48, 241 പേർ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ ചിട്ടി വരിക്കാരായ 14, 252 ചിറ്റാളന്മാരിലൂടെ 649കോടി രൂപ ടേൺ ഓവർ പ്രതീക്ഷിക്കുന്ന 467 ചിട്ടികൾ നടന്നുവരികയാണ്. ഇത് കൂടാതെ ഇപ്പോൾ ഓരോ മാസത്തേയും ചിട്ടി ബിസിനസ്സ് 20.73 കോടി രൂപയും കിഫ്ബിയിൽ നിക്ഷേപിക്കുന്ന ഫ്ലോട്ട് ഫണ്ട്  100 കോടി രൂപ കഴിഞ്ഞിട്ടുമുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് പ്രവാസി ചിട്ടി പരിചയപെടുന്നതിനുള്ള അവസരം ഒരുക്കുന്നതിലേക്കായുള്ള പ്രവർത്തനങ്ങളും കെ.എസ്.എഫ്.ഇ. ഒരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :  crm.pravasi.ksfe.com/landing_nrk/?source=stJnsQEM3z