ദില്ലി: ഉള്ളിക്കും വെളുത്തുള്ളിക്കും സംഭവിച്ച വൻ വിലക്കയറ്റത്തിന് പിന്നാലെ ഇന്ത്യൻ വിപണിയിൽ പാചക എണ്ണയുടെ വിലയും കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പാം ഓയിൽ വില 20 രൂപയാണ് വർധിച്ചത്. ഇതോടെ മറ്റ് പാചക എണ്ണകളുടെ വിലയും ഉയർന്നു. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും ഉയർന്ന വിലയ്ക്കാണ് ഇന്ത്യയിലേക്ക് എണ്ണ എത്തിച്ചത്. അതിനാൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

വലിയ തോതിൽ എണ്ണ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് കൊണ്ടാണ് ഇന്ത്യക്ക് ഉയർന്ന വില സഹിക്കേണ്ടി വരുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ എണ്ണ ഉൽപ്പാദനത്തെ പുഷ്ടിപ്പെടുത്താനുള്ള പരിശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് ഒരാവശ്യം.

അർജന്റീനയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സോയ എണ്ണക്ക് അവിടെ കയറ്റുമതി തീരുവ ഉയർത്തിയത് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കും. 25 ശതമാനത്തിൽ നിന്ന് 30 ശതമാനമായാണ് കയറ്റുമതി തീരുവ ഉയർത്തിയത്. എല്ലാ വിഭാഗങ്ങളിലുമായി നവംബർ മാസത്തിൽ 11,27,220 ടണ്ണോളം എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ 11,33,893 ടണ്ണായിരുന്നു ആകെ
ഉൽപ്പാദനം.