ദില്ലി: ജിഎസ്‌ടി കൗൺസിൽ യോഗം ഡിസംബർ 18 ന് ചേരാനിരിക്കെ, പുകയില ഉൽപ്പന്നങ്ങളുടെ മേലുള്ള സെസ് ഉയർത്തണമെന്ന സമ്മർദ്ദം വർധിച്ചു. പൊതു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളാണ് ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇതിലൂടെ അധികമായി കിട്ടുന്ന തുക ആയുഷ്‌മാൻ ഭാരത് പദ്ധതിക്ക് വേണ്ടി വിനിയോഗിക്കണമെന്നാണ് ആവശ്യം.

ഇപ്പോൾ 28 ശതമാനം നികുതിയാണ് ഈ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇത് ഇനിയും ഉയർത്തണമെന്നാണ് ആവശ്യം. സെസ് ഉയർത്തിയാൽ 190 ബില്യൺ രൂപ അധികമായി നേടാമെന്നാണ് പൊതു ആരോഗ്യ രംഗത്തെ സംഘടനകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നികുതിയും, സെസും ഏർപ്പെടുത്തിയാൽ ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്നും ഉപഭോഗം കുറയുമെന്നുമാണ് ഇവർ പറയുന്നത്. ആയിരം സിഗററ്റ് സ്റ്റിക്കുകൾക്ക് 5,463 രൂപ കോംപൻസേഷൻ സെസ് ഈടാക്കണമെന്നാണ് ആവശ്യം. എല്ലാ കാറ്റഗറി സിഗററ്റ്കളിലും ഈ നിരക്ക് ഈടാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.