ദില്ലി: ലോക്ക് ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ ശ്രമിക് ട്രെയിനുകളിൽ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചത് വഴി റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപ. മെയ് ഒന്ന് മുതൽ നടത്തിയ ശ്രമിക് ട്രെയിൻ സർവീസിൽ 60 ലക്ഷം യാത്രക്കാരിൽ നിന്ന് ശരാശരി 600 രൂപ വീതമാണ് റെയിൽവേയ്ക്ക് ടിക്കറ്റ് നിരക്കായി ലഭിച്ചത്.

ഇതിനായി ആകെ ചെലവായ തുകയുടെ 15 ശതമാനം മാത്രമാണ് ടിക്കറ്റ് നിരക്കിലൂടെ ഈടാക്കിയതെന്നും ശേഷിച്ച 85 ശതമാനവും കേന്ദ്രസർക്കാരാണ് ചെലവാക്കിയതെന്നും റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് വ്യക്തമാക്കി.

രാജ്യത്താകമാനം 4,450 ശ്രമിക് ട്രെയിനുകളാണ് സർവീസ് നടത്തിയതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർ‌ട്ട് ചെയ്യുന്നു. ഈ ട്രെയിനുകളുടെ ആവശ്യം കുത്തനെ കുറഞ്ഞെങ്കിലും സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഇപ്പോഴും ഈ സേവനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സംസ്ഥാനം ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ സേവനം ലഭ്യമാക്കും. കൊവിഡ് കാലത്ത് യുദ്ധമുഖത്തെന്ന പോലെയാണ് റെയിൽവെ പ്രവർത്തിച്ചതെന്നും ചെയർമാൻ പറഞ്ഞു.