മുംബൈ: റെയിൽവെക്ക് യാത്രക്കാരുടെ പക്കൽ നിന്നുള്ള വരുമാനം 87 ശതമാനം ഇടിഞ്ഞെന്ന് ചെയർമാനും സിഇഒയുമായ വികെ യാദവ്. കൊവിഡിനെ തുടർന്നേറ്റ തിരിച്ചടിയാണ് ഇതിന് കാരണമായി ചെയർമാൻ പറയുന്നത്.

53000 കോടി രൂപയിൽ നിന്ന് 4600 കോടി രൂപയിലേക്കാണ് വരുമാനം കൂപ്പുകുത്തിയത്. 2021 മാർച്ച് മാസം അവസാനിക്കുമ്പോഴേക്കും വരുമാനം 15000 കോടിയിലെത്തുമെന്നാണ് റെയിൽവെ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ജനറൽ മാനേജർമാർ സംസ്ഥാനങ്ങളുമായി ചർച്ചയിലാണെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ശരാശരി 30 മുതൽ 40 ശതമാനം വരെ യാത്രക്കാർ മാത്രമേയുള്ളൂ. 1089 പ്രത്യേക ട്രെയിനുകൾ റെയിൽവെ സർവീസ് നടത്തുന്നുണ്ട്. മാർച്ച് 25 വരെ റെഗുലർ ട്രെയിനുകൾ നിർത്തിവച്ചിരിക്കുകയാണ്.