Asianet News MalayalamAsianet News Malayalam

2018ൽ ആസ്തി 8.89 കോടി, 2023ൽ നൂറുകോടി ക്ലബിൽ; രാജസ്ഥാനിലെ ബിജെപി വനിതാ സ്ഥാനാർഥിയുടെ സ്വത്ത് വർധിച്ചതിങ്ങനെ..

വെറും അഞ്ച് വർഷത്തിനുള്ളിൽ പത്തിരട്ടിയിലേറെയാണ് സിദ്ധികുമാരി സാമ്പത്തികമായി വളർന്നത്. 2018 ൽ ആകെ സമ്പത്ത് 8.89 കോടി രൂപയായിരുന്നു എങ്കിൽ ഇത്തവണ അത് 100 കോടി രൂപയായി ഉയർന്നു.

Rajasthan BJP candidate wealth increased more than 10 fold with in 5 years, reason prm
Author
First Published Nov 6, 2023, 7:50 AM IST

ജയ്പൂർ: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുന്നു. പ്രമുഖ പാർട്ടികൾ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. നവംബർ 25-നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്. ഭരണം നിലനിർത്താൻ കോൺ​ഗ്രസും പിടിച്ചെടുക്കാൻ ബിജെപിയുമാണ് ശക്തമായ പോരാട്ടം. അതിനിടെ സ്ഥാനാർഥികളുടെ സത്യവാങ്മൂലത്തിലെ ചില വിവരങ്ങളും ചർച്ചയാകുന്നു. 

ബിക്കാനീർ ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി സിദ്ധി കുമാരിയാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം. അതിസമ്പന്നയായതിനാലാണ് സിദ്ധികുമാരി ചർച്ചയാകുന്നത്. വെറും അഞ്ച് വർഷത്തിനുള്ളിൽ പത്തിരട്ടിയിലേറെയാണ് സിദ്ധികുമാരി സാമ്പത്തികമായി വളർന്നത്. 2018 ൽ ആകെ സമ്പത്ത് 8.89 കോടി രൂപയായിരുന്നു എങ്കിൽ ഇത്തവണ അത് 100 കോടി രൂപയായി ഉയർന്നു. അന്തരിച്ച മുത്തശ്ശി സുശീല കുമാരിയുടെ 80 കോടിയിലധികം വിലമതിക്കുന്ന സ്വത്തിന്റെ ഗണ്യമായ ഭാഗവും ലഭിച്ചതോടെയാണ് സിദ്ധികുമാരി 100 കോടി ക്ലബില്ലെത്തിയത്. ബിക്കാനീർ രാജകുടുംബത്തിലെ അംഗമായിരുന്നു സുശീല കുമാരി. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഈ വർഷം മാർച്ചിലാണ് അവർ മരിച്ചത്.

സുശീല കുമാരിയുടെ മരണത്തെത്തുടർന്ന് സ്വത്തിന്റെ അനന്തരാവകാശം സിദ്ധികുമാരിക്ക് കൈമാറി. തുടർന്ന് സിദ്ധി കുമാരിയുടെ സ്ഥാവര സ്വത്ത് 30 ലക്ഷം രൂപയിൽ നിന്ന് 85.78 കോടി രൂപയായി ഉയർന്നു. അവളുടെ ജംഗമ ആസ്തികളും വർധിച്ചു.  2018 ൽ 3.67 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോൾ 16.52 കോടി രൂപയായി ഉയർന്നു.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ആഭരണങ്ങളിലും പണത്തിലും വർധനവുണ്ടായി. 2018ൽ 1.08 കോടി രൂപയായിരുന്ന ഇവരുടെ ആഭരണങ്ങൾ നിലവിലെ സത്യവാങ്മൂലത്തിൽ 2.40 കോടി രൂപയായി ഉയർന്നു. കൈവശമുള്ള പണം 1.29 ലക്ഷത്തിൽ നിന്ന് 2.05 ലക്ഷമായി ഉയർന്നു. ബാങ്ക് നിക്ഷേപം 51.24 ലക്ഷത്തിൽ നിന്ന് 58.74 ലക്ഷമായി. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.

Follow Us:
Download App:
  • android
  • ios