തിരുവനന്തപുരം: ഓരോ കേരളീയനും 72430 രൂപ കടക്കാരനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ധൂർത്ത് നടത്തുകയാണ്.യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ ഒന്നര ലക്ഷം കോടിയായിരുന്ന പൊതുകടം ഇപ്പോൾ രണ്ടര ലക്ഷം കോടിയായെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്‍റെ ധൂർത്തും അച്ചടക്കമില്ലായ്മയുമാണ്. സർക്കാർ വികസനത്തിന് ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ്.  
തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഒന്നും നടക്കുന്നില്ല. 
കഴിഞ്ഞ മാസം ശമ്പള ബില്ലും മന്ത്രിമാരുടെ വിദേശയാത്ര ബില്ലും മാത്രമാണ് മാറിയത്. 1600 കോടി രൂപ ജി എസ് ടി ഇനത്തിൽ കേന്ദ്രം നൽകുന്നില്ല. വായ്പാ പരിധി വെട്ടിക്കുറച്ചതും തിരിച്ചടിയാണ്.  ഇത് രണ്ടും കേന്ദ്രസര്‍ക്കാര്‍ പുനപരിശോധിക്കണം. എന്നാൽ കേന്ദ്രത്തെ മാത്രം പഴിക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം 30000 കോടി നികുതി കുടിശിഖയുണ്ട്. 5000 കോടി നികുതിയേതര വരുമാനം ലഭിക്കേണ്ടതാണ്. എന്നാല്‍, പിരിച്ചത് 4000 കോടി മാത്രമാണ്.

മുഖ്യമന്ത്രിയുടെ  ഉല്ലാസയാത്ര ധൂർത്താണ്. കിയാലിനെയും കിഫ്ബിയെയും ഇനിയെങ്കിലും ഓഡിറ്റിന് വിധേയമാക്കണം.  ഇംപീച്ച്മെന്റ് നേരിടാതെ കിയാലിൽ 20 (2) അനുസരിച്ച് ഓഡിറ്റ് നടപ്പാക്കണം. കിഫ് ബി യിലും ഇതാണ് സംഭവിക്കുക
സഹകരണ യൂണിയനിൽ മാത്രമല്ല, എല്ലാ വകുപ്പിലും പിൻവാതിൽ നിയമനം തകതിയായി നടക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.