ബാങ്കുകൾ പലിശ കുറയ്ക്കുന്നത് എന്ന്? എത്ര കുറയും പലിശയിലെ ലാഭം എത്രയെന്ന് അറിയാം
നിലവില്‍ വായ്പയെടുത്തവര്‍ക്ക് റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാനയ പ്രകാരം എത്ര രൂപ ലാഭിക്കാന്‍ സാധിക്കും എന്ന് പരിശോധിക്കാം..

ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എടുത്തവര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാനയം. റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി ആറേകാല്‍ ശതമാനം ആക്കിയതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകളും കുറയും. ഭവന വായ്പ എടുത്ത ആളുകളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പലിശ നിരക്കിലെ ഇളവ്. നിലവില്‍ വായ്പയെടുത്തവര്‍ക്ക് റിസര്‍വ് ബാങ്കിന്‍റെ പുതിയ വായ്പാനയ പ്രകാരം എത്ര രൂപ ലാഭിക്കാന്‍ സാധിക്കും എന്ന് പരിശോധിക്കാം..
ഉദാഹരണത്തിന് 20 വര്‍ഷത്തെ കാലയളവില്‍ 8.75 ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ ഭവന വായ്പയെടുത്തു എന്നിരിക്കട്ടെ. ഇതില്‍ 12 പ്രതിമാസ തിരിച്ചടവുകള്‍ അടച്ചു എന്നും കരുതുക. കാല്‍ ശതമാനം കുറവ് വരുത്തിയത് പ്രാബല്യത്തില്‍ വരുന്നതോടെ ഒരുലക്ഷം രൂപയ്ക്ക് 8417 രൂപയുടെ പലിശ ഇളവാണ് ലഭിക്കുക.. ഇങ്ങനെ നോക്കുമ്പോള്‍ 50 ലക്ഷം രൂപയുടെ വായ്പ അടച്ച് തീരുമ്പോഴേക്കും 4.2 ലക്ഷം രൂപ ലാഭം ലഭിക്കും. അതായത് ഏതാണ്ട് 10 പ്രതിമാസ തിരിച്ചടവുകള്‍ ലാഭിക്കാന്‍ സാധിക്കും എന്ന് ചുരുക്കം.
പലിശയിലെ കുറവ് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകളും വരും ദിവസങ്ങളില്‍ പലിശ നിരക്ക് കുറയ്ക്കും. എന്ന് പലിശ കുറച്ചു തുടങ്ങണം എന്നുള്ളത് ഓരോ ബാങ്കുകളുടെയും നയം അനുസരിച്ചാണ് തീരുമാനിക്കുക. ചില ബാങ്കുകള്‍ ഉടനടി പലിശ നിരക്ക് കുറയ്ക്കും. എങ്കിലും ചില ബാങ്കുകള്‍ തീരുമാനമെടുക്കുന്നതിന് കാലതാമസം ഉണ്ടാകും. ഇത് ആഴ്ചകള്‍ നീളാനും സാധ്യതയുണ്ട്. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, നിക്ഷേപങ്ങള്‍ എന്നിവയുടെയെല്ലാം പലിശ നിരക്ക് കുറയും. എല്ലാം ചേര്‍ത്ത് ഒരുമിച്ച് കുറയ്ക്കുന്നതിന് പകരം ഇവ ബാങ്കുകള്‍ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് സാധ്യത
