തട്ടിപ്പായി തരംതിരിച്ച വായ്പകളും ഇതില്‍ ഉള്‍പ്പെടും.

മുംബൈ: ബാങ്കുകളിലെ കിട്ടാക്കടവും തട്ടിപ്പായി തരംതിരിച്ച വായ്പകളും ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ക്ക് (എആര്‍സി) കൈമാറാന്‍ ആര്‍ബിഐ അനുമതി. ഇത്തരം വായ്പകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി റിസര്‍വ് ബാങ്കിനെ അറിയിക്കല്‍, നിരീക്ഷണം, അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കല്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങളും ബാങ്കുകള്‍ എന്‍ആര്‍സിക്ക് (ആസ്തി പുനര്‍നിര്‍മാണ കമ്പനി) കൈമാറും. 

തട്ടിപ്പായി തരംമാറ്റിയ വായ്പകളിലെ ആസ്തികളില്‍ പരിഹാരം കണ്ടെത്തുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇത്തരം വായ്പകളിലെ തുക വകമാറ്റി ചെലവാക്കിയിട്ടുണ്ടാകാമെന്നതിനാല്‍ ഇവ ഏറ്റെടുക്കാന്‍ ആസ്തി പുനര്‍നിര്‍മാണ കമ്പനികൾ തയ്യാറാകുമോ എന്നതില്‍ സംശയം തുടരുന്നു. പുതിയ നിര്‍ദ്ദേശം അനുസരിച്ച് 60 ദിവസമായി തിരിച്ചടവില്‍ വീഴ്ച വരുത്തിയ വായ്പകള്‍ എആര്‍സികള്‍ക്ക് (ആസ്തി പുനര്‍നിര്‍മാണ കമ്പനി) കൈമാറാന്‍ സാധിക്കും. 

തട്ടിപ്പായി തരംതിരിച്ച വായ്പകളും ഇതില്‍ ഉള്‍പ്പെടും. കിട്ടാക്കടമായി തരംതിരിച്ച വായ്പകളും ആസ്തി പുനര്‍നിര്‍മാണ കമ്പനികളിലേക്ക് കൈമാറും. കിട്ടാക്കട പ്രതിസന്ധി ബാങ്കുകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നുളള നടപടി.