Asianet News MalayalamAsianet News Malayalam

വാണിജ്യ ബാങ്ക് സിഇഒമാർക്ക് 15 വർഷത്തിൽ കൂടുതൽ പദവിയിൽ തുടരാനാകില്ല: ആർബിഐ

സ്വകാര്യ ബാങ്കുകളിൽ 70 വയസ്സിനപ്പുറം ഒരു വ്യക്തിക്കും എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡി ആയി തുടരാനാവില്ലെന്ന നിലവിലെ നിയമത്തിൽ മാറ്റം ഉണ്ടാകില്ല. 

RBI caps bank MD and CEO tenure at 15 years
Author
Mumbai, First Published Apr 26, 2021, 9:30 PM IST

മുംബൈ: വാണിജ്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർ- ചീഫ് എക്സിക്യൂട്ടീവ് (എംഡി & സിഇഒ) പദവിയിലെ വ്യക്തികളുടെ സേവനകാലാവധി റിസർവ് ബാങ്ക് 15 വർഷമായി നിജപ്പെടുത്തി. മുഴുവൻ സമയ ഡയറക്ടർമാർക്കും (ഡബ്ല്യുടിഡി) ഇതേ പരിധി ബാധകമാണെന്ന് തിങ്കളാഴ്ച റിസർവ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു പ്രൊമോട്ടർ / പ്രധാന ഓഹരി ഉടമ കൂടിയായ എം ഡി & സി ഇ ഒ അല്ലെങ്കിൽ ഡബ്ല്യുടിഡിക്ക് 12 വർഷത്തിൽ കൂടുതൽ ഈ തസ്തികകൾ വഹിക്കാൻ കഴിയില്ലെന്നും ആർ ബി ഐ വിജ്ഞാപനത്തിൽ പറയുന്നു. ഈ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

അസാധാരണമായ സാഹചര്യങ്ങളിൽ, ആർ ബി ഐയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രൊമോട്ടർ / പ്രധാന ഓഹരിയുടമകളായ എം ഡി & സി ഇ ഒ അല്ലെങ്കിൽ ഡബ്ല്യുടിഡികൾക്ക് 15 വർഷം വരെ സേവന കാലാവധി ദീർഘിപ്പിച്ച് നൽകാം. അത്തരം കേസ് പരിഗണിക്കുമ്പോൾ, ആർ ബി ഐ പ്രസ്തുത വാണിജ്യ ബാങ്കിന്റെ പുരോഗതിയുടെ നിലവാരത്തിന് അനുസരിച്ചാകും അത് കണക്കാക്കുക. 

എന്നാൽ, കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം അതേ ബാങ്കിൽ എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡി ആയി വീണ്ടും നിയമിക്കപ്പെടുന്നതിന് ആ വ്യക്തിക്ക് അർഹതയുണ്ടാകുമെന്ന് 15 വർഷത്തെ പരിധി പരാമർശിച്ച് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. മൂന്ന് വർഷത്തെ കൂളിം​ഗ് പീരിയഡിൽ, വ്യക്തിയെ ഏതെങ്കിലും രീതിയിൽ ബാങ്കുമായോ അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളുമായോ ബന്ധപ്പെടുത്താനോ നിയമിക്കാനോ കഴിയില്ലെന്നും വിജ്ഞാപനം പറയുന്നു.

സ്വകാര്യ ബാങ്കുകളിൽ 70 വയസ്സിനപ്പുറം ഒരു വ്യക്തിക്കും എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡി ആയി തുടരാനാവില്ലെന്ന നിലവിലെ നിയമത്തിൽ മാറ്റം ഉണ്ടാകില്ല. 70 വയസ്സ് എന്ന മൊത്തത്തിലുള്ള പരിധിക്കുള്ളിൽ, ബാങ്കിന്റെ ഭാഗമായി, കുറഞ്ഞ വിരമിക്കൽ പ്രായം നിർദ്ദേശിക്കാൻ ബാങ്ക് ബോർഡുകൾക്ക് റിസർവ് ബാങ്ക് സ്വാതന്ത്ര്യവും നൽകുന്നു. 

Follow Us:
Download App:
  • android
  • ios