ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ സംബന്ധിച്ച് തരൂര്‍ മോഡലില്‍ വിശദീകണവുമായി ആര്‍ബിഐ ഗവര്‍ണര്‍. പാന്‍ഗ്ലോസിയന്‍ നിലയിലാണ് സാമ്പത്തിക രംഗമുള്ളതെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദമാക്കിയത്.

സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൂഡ് ഓഫായി ഇരിക്കേണ്ട അവസ്ഥയില്ല എന്നാല്‍ എല്ലാം തിളങ്ങുന്ന നിലയിലുമല്ലെന്നാണ് പാന്‍ഗ്ലോസിയന്‍ എന്ന പദപ്രയോഗത്തിലൂടെ ആര്‍ബിഐ ഗവര്‍ണര്‍ ഉദ്ദേശിച്ചത്. നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആളുകള്‍ക്ക് ചിരിച്ച് തള്ളാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ മൂഡ് ഓഫായി ഇരിക്കുന്നത് ആരെയും സഹായിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

അമിത ശുഭാപ്തി വിശ്വാസം എന്നാണ് മെറിയം വെബ്സ്റ്റര്‍ ഡിക്ഷണറി പാന്‍ഗ്ലോസിയന്‍ എന്ന പദത്തെ നിര്‍വ്വചിക്കുന്നത്. വോള്‍ട്ടയറിന്‍റെ നോവലില്‍ നിന്നുളള ഡോക്ട പാന്‍ഗ്ലോസ് എന്ന കഥാപാത്രത്തില്‍ നിന്നുമാണ് ഈ പദത്തിന്‍റെ വരവ്. ജീവിതത്തില്‍ വളരെയധികം ക്രൂരതകളും കഷ്ടപ്പാടും നേരിട്ടിട്ടും ശുഭാപ്തി വിശ്വാസിയായി തുടരുന്ന  കഥാപാത്രമാണ് ഡോക്ടര്‍ പാന്‍ഗ്ലോസില്‍. 

രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സൂചനകളാണ് ആര്‍ബിഐ ഗവര്‍ണര്‍ നല്‍കിയതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിശദമാക്കുന്നത്. വിവിധ നിര്‍ണായക മേഖലകളില്‍ നിന്ന് അത്ര ശുഭകരമല്ലാത്ത രീതിയിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടയിലാണ് ആര്‍ബിഐ ഗവര്‍ണറുടെ വിശദീകരണം.