Asianet News MalayalamAsianet News Malayalam

നിയമം ലംഘിച്ച് സ്വകാര്യ ബാങ്ക്, വടിയെടുത്ത് ആർബിഐ; രണ്ട് കോടി രൂപ പിഴശിക്ഷ

ഒരു സഹകരണ ബാങ്കിന്റെ പേരിൽ അഞ്ച് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്നതും ഡയറക്ടർ ബോർഡിലെ അംഗങ്ങളുടെ സങ്കലനത്തിലും നിലവിലെ നിയമ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതാണ് കാരണം

RBI imposes two crore rupee fine on RBL bank
Author
Delhi, First Published Sep 27, 2021, 9:20 PM IST

ദില്ലി: നിയമ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ ഒരു സ്വകാര്യ ബാങ്കിനെതിരെ കൂടി വടിയെടുത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റെഗുലേറ്ററി നിർദ്ദേശങ്ങളും ബാങ്കിങ് റെഗുലേഷൻസ് ആക്ടിലെ ചട്ടങ്ങളുടെ ലംഘനവുമാണ് സ്വകാര്യമേഖലയിലെ ആർബിഎൽ ബാങ്കിന് രണ്ട് കോടി രൂപ പിഴശിക്ഷ വിധിക്കാൻ കാരണം.

ഒരു സഹകരണ ബാങ്കിന്റെ പേരിൽ അഞ്ച് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്നതും ഡയറക്ടർ ബോർഡിലെ അംഗങ്ങളുടെ സങ്കലനത്തിലും നിലവിലെ നിയമ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതാണ് കാരണം. ഈ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

നോട്ടീസിന് ബാങ്ക് നൽകിയ മറുപടിയും പിന്നീട് വ്യക്തിഗത ഹിയറിങിലുയർന്ന വാദങ്ങളും റിസർവ് ബാങ്ക് പരിശോധിച്ചു. എന്നാൽ ബാങ്കിന്റെ ഭാഗത്ത് തെറ്റുസംഭവിച്ചുവെന്ന് തന്നെയാണ് റിസർവ് ബാങ്കിന്റെ സമിതി കണ്ടെത്തിയത്. പിന്നാലെയാണ് പിഴശിക്ഷ വിധിച്ചത്.

ആർബിഎൽ ബാങ്കിന് പുറമെ ജമ്മു കശ്മീർ സഹകരണ ബാങ്കിന് 11 ലക്ഷം രൂപയും പിഴ ചുമത്തി. 2019 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് നബാർഡ് നടത്തിയ സ്റ്റാറ്റ്യൂട്ടറി പരിശോധനയിൽ 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ 56, 23 സെക്ഷനുകൾ ലംഘിക്കപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പിഴ ചുമത്തിയത്.

Follow Us:
Download App:
  • android
  • ios