തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്. വ്യാഴാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ജൂണ്‍ 6-ന് പുതിയ വായ്പാനയം പ്രഖ്യാപിക്കും.

രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുന്നതിനാല്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ . അങ്ങനെ വന്നാല്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്. വ്യാഴാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ജൂണ്‍ 6-ന് പുതിയ വായ്പാനയം പ്രഖ്യാപിക്കും.

എന്തുകൊണ്ട് പലിശ കുറയ്ക്കുന്നു?

രാജ്യത്തെ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന 4 ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.16 ശതമാനമാണ്. കൂടാതെ, അമേരിക്കയുടെ താരിഫ് നീക്കങ്ങള്‍ ആഗോള തലത്തില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ഏപ്രിലിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. ഈ പലിശ കുറയ്ക്കലിന് പിന്നാലെ പല ബാങ്കുകളും വായ്പാ നിരക്കുകള്‍ കുറച്ചിട്ടുണ്ട്.

സാമ്പത്തിക വിദഗ്ദ്ധരുടെ കാഴ്ചപ്പാട്:

മദന്‍ സബ്‌നാവിസ് (ചീഫ് ഇക്കണോമിസ്റ്റ്, ബാങ്ക് ഓഫ് ബറോഡ): പണപ്പെരുപ്പം കുറവായതും ബാങ്കുകളില്‍ ആവശ്യത്തിന് പണമുള്ളതിനാലും റിസര്‍വ് ബാങ്ക് 0.25 ശതമാനം പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ട്. വളര്‍ച്ചയെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ പ്രവചനങ്ങള്‍ നിര്‍ണ്ണായകമാകും.

അദിതി നായര്‍ (ചീഫ് ഇക്കണോമിസ്റ്റ്, ഐസിആര്‍എ): ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയായി തുടരുന്നതിനാല്‍, റിസര്‍വ് ബാങ്ക് ഇനിയും പലിശ കുറയ്ക്കുന്നത് തുടരും. വരുന്ന യോഗത്തില്‍ 0.25 ശതമാനവും തുടര്‍ന്ന് രണ്ട് തവണ കൂടി പലിശ കുറച്ച് റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ എത്താന്‍ സാധ്യതയുണ്ട്.

മനീഷ് സിംഗാള്‍ (സെക്രട്ടറി ജനറല്‍, അസോചാം): പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുന്നതിനാല്‍ പലിശ കുറയ്ക്കാന്‍ ധാരാളം സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാകും.

പ്രദീപ് അഗര്‍വാള്‍ (ഫൗണ്ടര്‍ & ചെയര്‍മാന്‍, സിഗ്‌നേച്ചര്‍ ഗ്ലോബല്‍): പലിശ കുറയ്ക്കുന്നത് ഭവന വായ്പ എടുക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകും.