സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായിരുന്നു.   

മുംബൈ: എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പണനയ അവലോകനയോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും. എതിര്‍ ശബ്ദങ്ങളില്ലാതെയാണ് പണനയ അവലോകന യോഗം തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തി. നേരത്തെ 2019- 20 സാമ്പത്തിക വര്‍ഷം രാജ്യം 6.1 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുമെന്ന് പ്രവചിച്ചിരുന്ന റിസര്‍വ് ബാങ്ക് ആ നിഗമനത്തില്‍ മാറ്റം വരുത്തി. പുതിയ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ്. 

നേരത്തെ 2019- 20 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ വളര്‍ച്ചാ നിരക്കുകള്‍ അഞ്ച് ശതമാനത്തിന് താഴേക്ക് പോയതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാല്‍, യോഗത്തില്‍ റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ബാങ്ക് തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായിരുന്നു.