മുംബൈ: റിസർവ് ബാങ്ക് ഈ വർഷം ഡിസംബറിൽ ആറാം തവണയും പലിശനിരക്ക് കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് സര്‍വേ. എന്നാല്‍, നിരക്ക് കുറച്ചതുകൊണ്ട് സമ്പദ്‍വ്യവസ്ഥയില്‍ വലിയ മുന്നേറ്റം ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. മുമ്പും റോയിട്ടേഴ്‌സ് വോട്ടെടുപ്പിൽ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത് ഇത്തരം കുറവുകൾ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയോ സ്വാധീനമുണ്ടാക്കുകയോ ചെയ്യില്ലന്നാണ്. നിലവിൽ ഇന്ത്യയുടെ സെൻ‌ട്രൽ ബാങ്കായ റിസർവ് ബാങ്ക് ഈ വർഷം നിരക്ക് 135 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് 5.15 ശതമാനത്തിലേക്ക് എത്തിച്ചിട്ടുണ്ട്. 

ഡിസംബര്‍ അഞ്ചിന് നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശാ നിരക്കില്‍ 25 ബേസിസ് പോയിന്‍റ്സ് കുറയ്ക്കാന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഫെബ്രുവരിയില്‍ 15 പോയിന്‍റിന്‍റെ കുറവും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. രാജ്യത്ത് മിക്ക ഉപഭോഗ വസ്തുക്കള്‍ക്കും വന്‍ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ വിപണിയില്‍ പണ ലഭ്യത ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവ് വരുത്തുന്നത്. 

ഡിസംബറിലെ പണനയ അവലോകന യോഗം കഴിയുന്നതോടെ റിപ്പോ നിരക്ക് 4.90 ശതമാനത്തിലേക്കും ഫെബ്രുവരിയോടെ നിരക്ക് 4.75 ശതമാനത്തിലേക്കും താഴ്ന്നേക്കുന്നാണ് കണക്കാക്കുന്നത്.